ബിഹാര്‍, അസം സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം; 195 മരണം
ന്യൂഡല്‍ഹി: ബിഹാര്‍, അസം സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കനത്ത ദുരന്തം വിതയ്ക്കുന്നു. കാലവര്‍ഷത്തില്‍ ഇതുവരെ 195 പേര്‍ക്ക് ജീവഹാനി നേരിട്ടതായി ദുരന്ത നിവാരണ സേന അറിയിച്ചു. ബിഹാറില്‍ 72 പേര്‍ മരിച്ചപ്പോള്‍ അസമില്‍ 123 പേരാണ് മരിച്ചത്.
ബിഹാറിലെ ഉത്തര മേഖലകളിലെ 14 ജില്ലകളാണ് പ്രധാനമായും വെള്ളപ്പൊക്കദുരിതത്തില്‍ അകപ്പെട്ടത്. 70 ലക്ഷം ജനങ്ങള്‍ ദുരിതത്തിലായിട്ടുണ്ട്. കര-നാവിക സേനകളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രളയദുരിതം നേരിട്ടുകാണാനായി വ്യോമ നിരീക്ഷണം നടത്തി. സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ നിരവധിവീടുകള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍, കോടിക്കണക്കിന് രൂപയുടെ കൃഷി എന്നിവയും തര്‍ന്നിട്ടുണ്ട്.
അരാരിയ, സഹര്‍സ, കാത്തിഹര്‍, പൂര്‍ണിയ, കിഷന്‍ഗഞ്ച്, പശ്ചിമ ചമ്പാരന്‍, പൂര്‍വ ചമ്പാരന്‍, സീതാമര്‍ഹി, മാധേപുര, ദര്‍ഭംഗ, മധുബനി, ഷിയോഹര്‍, സുപുല്‍, ഗോപാല്‍ ഗഞ്ച് എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 250 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നിരവധിപേര്‍ റോഡരികിലും മറ്റുമായി താമസിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ മരിച്ച അസമില്‍ ഇതുവരെ 123 പേര്‍ മരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സംസ്ഥാനത്തെ 24 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 2,970 ഗ്രാമങ്ങളിലായി 33 ലക്ഷം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 304 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ബംഗാളിന്റെ വടക്കന്‍ മേഖലയിലും കാലവര്‍ഷക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ നാലുപേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൂച്ച് ബിഹാര്‍, ഉത്തര്‍ ദിനാജ്പൂര്‍ ജില്ലകളിലാണ് വെള്ളപ്പൊക്കദുരിതം കൂടുതലായുള്ളത്. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."