ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ചു
അഗര്‍ത്തല: ദൂരദര്‍ശനും, ആകാശവാണിയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വതന്ത്ര്യ ദിന പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ചു.
പ്രസംഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കില്ലെന്ന് ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു.
പ്രസാര്‍ ഭാരതിയില്‍ നിന്ന് തനിക്ക് രേഖാമൂലം ലഭിച്ച നോട്ടിസ് പ്രകാരം പ്രസംഗത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും നിലവിലെ ഉള്ളടക്കത്തില്‍ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നത് അപ്രായോഗികമാണെന്നും അറിയിപ്പു ലഭിച്ചിരുന്നുവെന്ന് മണിക് സര്‍ക്കാര്‍ വര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തരമൊരവസ്ഥ അടിയന്തരാവസ്ഥ കാലത്ത് മാത്രമാണുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ ദിനമെന്നത് ഒരു വിലയിരുത്തലിന്റെ ദിവസം കൂടിയാണ്. എല്ലാ പൗരന്മാര്‍ക്കും രാഷ്ട്ര പുരോഗതി വിലയിരുത്താനുള്ള അവകാശം ഉണ്ട്. വിജയങ്ങളും പാരജയങ്ങളും ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ പുരോഗതി പൂര്‍ണമാവുകയുള്ളു. ഇതു തന്നെയാണ് താന്‍ ചെയ്തതും.
ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്താണ് തെറ്റായുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് ദിവസം മുന്‍പ് തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം ദൂരദര്‍ശനും, ആകാശവാണിയും റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ഇതിനു ശേഷമാണ് പ്രക്ഷേപണം ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തണമെന്ന പ്രസാര്‍ ഭാരതിയുടെ ആവശ്യം അംഗീകരിക്കാന്‍ താന്‍ തയാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."