കലാശക്കൊട്ട് തടയണമെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഹരജി
മലപ്പുറം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ ഹരജി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്ക് കൈമാറി. മലപ്പുറം ഗസ്റ്റ് ഹൗസ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനയ്ക്കു വിട്ടത്. സിറ്റിങില്‍ പരിഗണിച്ച 35 കേസുകളില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി. പുതുതായി ഏഴ് പരാതികള്‍ ലഭിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുശ്മശാനങ്ങള്‍ നിര്‍മിക്കുന്ന കാര്യം ബന്ധപ്പെട്ട അതത് പഞ്ചായത്ത് - നഗരസഭകള്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എടവണ്ണ വില്ലേജില്‍ ശ്മശാന നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ കാലതാമസം വരുത്തരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏറനാട് താലൂക്കില്‍ ഇത് സംബന്ധിച്ച് ലഭിച്ച പരാതി കമ്മീഷന്‍ പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുവെക്കാന്‍ പട്ടികജാതി വികസന വകുപ്പ് വാങ്ങിച്ചു നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയില്‍ കമ്മീഷന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് തേടി. കോഴിക്കോട്ടെ സ്വകാര്യ ഏവിയേഷന്‍ അക്കാദമി മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കുന്നതായ പരാതിയില്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കി. മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം തകര്‍ന്ന കേസില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."