ബ്ലൂ വെയ്ല്‍ സാവന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തും
തലശ്ശേരി: കൊളശ്ശേരിയിലെ യുവാവിന്റെ മരണം ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടതിനെ തുടര്‍ന്നാണോയെന്ന് കണ്ടെത്താന്‍ പൊലിസ് അന്വേഷണം നടത്തും. കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി ശിവ വിക്രം ഇതിനുള്ള നിര്‍ദേശം തലശ്ശേരി സി.ഐ.ക്ക്് നല്‍കി.
രണ്ട് മാസം മുന്‍പ് മരിച്ച കൊളശ്ശേരി നാവത്ത് വീട്ടില്‍ എം.കെ.സാവന്തി(22)ന്റെ മരണം കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടാണെന്ന സംശയം മാതാപിതാക്കള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജില്ലാപൊലിസ് മേധാവി നിര്‍ദേശം നല്‍കിയത്. സാവന്തിന്റെ മരണം പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലിസ് കേസ് അവസാനിപ്പിച്ചത്.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍, നേരത്തെ ശേഖരിച്ച വിവരങ്ങളും ഫോട്ടോകളും ഇന്‍ക്വസ്റ്റും മൃതദേഹപരിശോധന റിപ്പോര്‍ട്ടുമെല്ലാം പൊലിസ് പരിശോധിക്കും. സാവന്തിന്റെ മാതാവ് ഇപ്പോള്‍ വെളിപ്പെടുത്തിയ കാര്യങ്ങളും കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കുകയെന്നും എസ്.പി.പറഞ്ഞു.
മകന്റെ മരണം ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് എന്‍.വി.ഹരീന്ദ്രന്‍ പൊലിസിന് രേഖാമൂലം പരാതി നല്‍കും. ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംശയം പ്രകടിപ്പിച്ചതല്ലാതെ രക്ഷിതാക്കള്‍ പൊലിസിനെ സമീപിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിവൈ.എസ്.പി.ക്കാണ് പരാതി നല്‍കുക. മുഖ്യമന്ത്രിക്കും പരാതി നല്‍കും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച രാത്രി പൊലിസ് വീട്ടിലെത്തിയെങ്കിലും രക്ഷിതാക്കളില്‍ നിന്ന് കൂടുതല്‍ വിവരം ശേഖരിക്കാനായില്ല.
ഇന്നലെ സി.ഐ.ഓഫിസില്‍ ഹാജരാകാന്‍ പിതാവിനോട് പറഞ്ഞിരുന്നെങ്കിലും ജോലിത്തിരക്കു കാരണം സാധിച്ചില്ല. ബ്ലൂവെയ്ല്‍ കെണിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മകന്റെ മരണവും ഇത്തരം കെണിയിലകപ്പെട്ടിട്ടാണോയെന്ന സംശയം സാവന്തിന്റെ രക്ഷിതാക്കള്‍ക്കുണ്ടായത്.
നേരത്തെ കേസ് അന്വേഷിക്കുമ്പോള്‍ പൊലിസ് സാവന്തിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. ഫോണിലെ വിളിവിവരങ്ങള്‍ പരിശോധിക്കുക മാത്രമാണ് പൊലിസ് ചെയ്തതെന്നും മറ്റു വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും അമ്മ ഷാഖി പറഞ്ഞു. കഴിഞ്ഞ മെയ് 19നാണ് സാവന്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."