സര്‍ദാര്‍ സരോവര്‍ അണക്കെട്ട്; ന്യായാധിപന്‍മാര്‍ പോലും വസ്തുത മനസ്സിലാക്കുന്നില്ല: ഡോ. എ. അച്യുതന്‍
കോഴിക്കോട്: നര്‍മദാ നദിക്ക് കുറുകെ ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്ന വിഷയത്തില്‍ ന്യായാധിപന്‍മാര്‍ പോലും വസ്തുത മനസ്സിലാക്കുന്നില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. എ. അച്യുതന്‍. അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നടപടിക്കെതിരേ നിരാഹാര സമരം നടത്തുന്ന മേധാപട്കറുടെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകൃതി സംരക്ഷണ സമിതി മാനാഞ്ചിറക്കു സമീപം നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്തുതകള്‍ പഠിക്കാതെയാണ് കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഏതാനും വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഗുജറാത്തിലെ ഭരണകൂടവും പ്രവര്‍ത്തിക്കുന്നു. 15 മീറ്ററോളം അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിലൂടെ 15 ലക്ഷം ജനങ്ങളാണ് വഴിയാധാരമാകുക. ഇതില്‍ 12 ലക്ഷം പേര്‍ ആദിവാസികളാണ്. താല്‍ക്കാലികമായി നിര്‍മിച്ച കോണ്‍ക്രീറ്റ് കൂരകളിലേക്ക് ഇവരെ മാറ്റാനുള്ള തീരുമാനം വനങ്ങളില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. അത് അവരോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരക്ഷണ സമിതി പ്രസിഡന്റ് കെ.പി.യു അലി അധ്യക്ഷനായി. സ്വാതന്ത്ര്യ സമരസേനാനി പി. വാസു, തായാട്ട് ബാലന്‍, മൊയ്തു കണ്ണങ്കോടന്‍, സലിം ബാബു, സതീഷ്ബാബു, ടി.വി രാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."