നിഷാദിന് നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി
മാനന്തവാടി: നാടിനെയും നാട്ടുകാരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി നിഷാദ് യാത്രയായി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നെത്തിയ നൂറുകണക്കിനാളുകള്‍ നിറകണ്ണുകളോടെയാണ് നാട്ടിലെ ഉര്‍ജ്വസ്വലനായ യുവാവിന്റെ അന്ത്യയാത്രയില്‍ പങ്കാളികളായത്.
ബുധനാഴ്ച വൈകുന്നേരമാണ് കാട്ടിച്ചിറക്കലിലെ കുണ്ടോണിക്കുന്ന് അത്തിലന്‍ ആലി-നഫീസ ദമ്പതികളുടെ മകനും എസ്.കെ.എസ്.എസ്.എഫ് ശാഖാ സെക്രട്ടറിയുമായ നിഷാദിനെ അപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. തോണിച്ചാലിനും ദ്വാരകക്കുമിടയില്‍ കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. നാലാംമൈല്‍ പീച്ചങ്കോട് പ്രദേശങ്ങളിലും കുടുംബ വീടുകളിലും ഏതൊരു ആവശ്യത്തിലും ആദ്യാവസാനക്കാരനായുരുന്നു നിഷാദ്. കല്യാണവീട്ടിലും മരണവീട്ടിലും ഏതൊരാവശ്യങ്ങളും കണ്ടറിഞ്ഞ് തുടക്കം മുതല്‍ ഒടുക്കം വരെ കുടുംബത്തോടൊപ്പം നിന്നുള്ള അധ്വാന പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ പ്രശംസക്ക് നിഷാദിനെ പ്രാപ്തനാക്കി.
നഴ്‌സറി നടത്തിവരുന്ന ഉപ്പയെ സഹായിക്കാനായി സുഹൃത്തിന്റെ ഓട്ടോയുമായി മാനന്തവാടിയിലേക്ക് നടത്തിയ യാത്രയാണ് നിഷാദിന്റെ അന്ത്യായാത്രയാത്. ദ്വാരക ഇറക്കം കഴിഞ്ഞ ഉടനെയുള്ള റോഡിലെ കുഴി വെട്ടിച്ച് ഓട്ടോ ഓടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നു.
ഉടന്‍തന്നെ പിറകിലെ ബസിലുണ്ടായിരുന്ന നിഷാദിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ നിഷാദിനെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേരാണെത്തിയത്.
തുടര്‍ന്ന് കാട്ടിചിറക്കല്‍ ജുമാമസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് എത്തിച്ചപ്പോഴും മുമ്പെങ്ങുമില്ലാത്ത ജനാവലിയാണെത്തിയത്. ഉച്ചക്ക് രണ്ടോടെയാണ് ഖബറടക്കം നടന്നത്. നാടിനും നാട്ടാര്‍ക്കും നന്മമാത്രം ചെയ്ത നാട്ടുകാരുടെ പ്രിയങ്കരനായ നിഷാദിന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."