കര്‍ഷകദിനാഘോഷ വേദിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധം നടത്തി
ഏറ്റുമാനൂര്‍: നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷത്തിനിടെ വേറിട്ട കാഴ്ചയായി മാറുകയായിരുന്നു ഒരു സംഘം കര്‍ഷകരുടെ പ്രതിഷേധസമരം. കര്‍ഷകരോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയാണ് കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുമായി ആഘോഷവേദിക്കു മുന്നില്‍ എത്തിയത്.
സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുക, കാര്‍ഷിക വികസനസമിതി രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കുക, സമിതിയില്‍ കര്‍ഷകരെ ഉള്‍കൊള്ളിക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കുക, കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് നഗരസഭ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏറ്റുമാനൂര്‍ വ്യപാരാഭവന്‍ ഹാളിനു മുന്നിലായിരുന്നു സമരം.
സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില അടുത്ത കൃഷി ഇറക്കാറായിട്ടും പൂര്‍ണമായി നല്‍കിയിട്ടില്ല. നിരവധി തവണ ബന്ധപ്പെട്ടിട്ടും ഫലമില്ലാത്തതിനാലാണ് കര്‍ഷകദിനം ബഹിഷ്‌കരിച്ച് സമരത്തിന് കര്‍ഷകര്‍ ആഹ്വാനം നല്‍കിയത്.
ഇതോടെ കുറച്ച് പേര്‍ക്കെങ്കിലും അവരുടെ അക്കൗണ്ടുകളില്‍ പണം എത്തി. ഇനിയും ഒട്ടേറെ പേര്‍ക്ക് പണം ലഭിക്കാനുള്ളതായി കര്‍ഷകര്‍ ചൂണ്ടികാട്ടി. നഗരസഭ രൂപീകരിച്ച കാര്‍ഷികവികസനസമിതിയില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍ക്ക് പകരം രാഷ്ട്രീയക്കാരെയാണ് കൂടുതലും ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നുമാണ് മറ്റൊരു പരാതി.
നെല്‍കൃഷിക്കുള്ള നിലമൊരുക്കുന്നതിനും വിത്ത് വാങ്ങുന്നതിനുമുള്ള സബ്‌സിഡിയും ലഭ്യമായിട്ടില്ല. കര്‍ഷകര്‍ നേരിടുന്ന ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കര്‍ഷകദിനം ആഘോഷിക്കാന്‍ പണം ധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധവും ഇവര്‍ അറിയിച്ചു. പി.ജി ശശിധരന്‍, മോന്‍സി പെരുമാലില്‍, സുകുമാരന്‍നായര്‍, തോമസ് വര്‍ഗീസ്, സദാനന്ദന്‍ നായര്‍, പി.സി എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."