പൊലിസ് നരനായാട്ട്
കരുനാഗപ്പള്ളി: അടിപിടിക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലിസ് സംഘം വീട്ടില്‍കയറി അതിക്രമം കാണിക്കുകയും സ്ത്രീകളെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. ചിറ്റുമൂല വട്ടപ്പറമ്പില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതിനായിരുന്നു സംഭവം. തഴവ എ.വി.എച്ച്.എസിന് മുന്നില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കടത്തൂര്‍ ആമ്പാടിയില്‍ ശരത്(19), ശ്യാം(17) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലിസ് വട്ടപറമ്പ് പുലിയൂര്‍ വടക്ക് പള്ളിയുടെ തെക്കതില്‍ റഹീമിന്റെ വീട്ടിലെത്തിയത്. റഹീമിന്റെ മകന്‍ റഫീഖ് പ്രതിയാണെന്ന് പറഞ്ഞ പൊലിസ്, പ്രതിയെ കിട്ടാതെവന്നതോടെ വീട്ടിലെ സ്ത്രീകളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
പൊലിസ് വീട്ടില്‍ ഇരച്ചുകയറിയ സമയം റഹീമിന്റെ ഭാര്യ ഉസൈബ(40) ബോധരഹിതയായി വീണു. പരുക്കേറ്റ ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടപറമ്പ് ജങ്ഷനിലെ വെയിറ്റിങ് ഷെഡ്, ജമാഅത്തിന്റെ വക നേര്‍ച്ച വഞ്ചി, കൊടികള്‍ തുടങ്ങിയവ പൊലിസ് തല്ലിത്തകര്‍ത്തു. കേസില്‍ പൊലിസ് തികച്ചും പക്ഷപാതപരമായി പെരുമാറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പരുക്കേറ്റ യുവാക്കള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലിസ് പറയുന്നു. പൊലിസിന്റെ ആക്രമണവിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചു റോഡ് ഉപരോധിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ സംഭവ സ്ഥലത്തെത്തിയ കരുനാഗപ്പള്ളി എ.സി.പി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."