ബാഴ്സലോണ ഭീകരാക്രമണം; 120 ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തി
മാഡ്രിഡ്: സ്പെയിനിലെ ബാഴ്സലോണയില്നടന്ന ഇരട്ട ആക്രമണത്തിനു പിന്നിലുള്ള ഭീകരര്‍ താമസിച്ച വീട്ടില്‍നിന്ന് 120 ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തി. ഭീകരര്‍ വീണ്ടുമൊരു ആക്രമണത്തിനു ലക്ഷ്യമിട്ടിരുന്നതായി പൊലിസ് അറിയിച്ചു. അല്കാനറിലുള്ള വീട്ടില്‍നിന്നാണ് വെടിയുണ്ട സൂക്ഷിച്ച പെട്ടികള്‍ കണ്ടെത്തിയത്.
ബാഴ്സലോണയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു. ബാഴ്സലോണാ നഗരത്തില്‍ ആക്രമണം നടന്ന അതേ ദിവസം തന്നെ നഗരത്തിന്റെ തെക്കുഭാഗത്തുള്ള അല്കാനറിലെ വീട്ടില്‍ സ്ഫോടനം നടന്നിരുന്നു. ബോംബ് നിര്‍മാണത്തിനിടെ ഭീകരരില്‍നിന്ന് അബദ്ധത്തില്‍ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് പൊലിസ് അനുമാനിക്കുന്നത്. അല്കാനറിലെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ആളുകള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഫ്രാന്‍സിലേക്ക് കടന്നതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. 22കാരന്റെ ചിത്രം കഴിഞ്ഞ ദിവസം പൊലിസ് പുറത്തുവിട്ടിരുന്നു. ഇയാളെ കണ്ടെത്താന്‍ ഫ്രഞ്ച് അതിര്‍ത്തിയായ കാറ്റലോണിയയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൊറോക്കന്‍ വംശജനായ അബൂ യഅ്ഖൂബ് ആണ് പ്രതിയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ നിരവധി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."