എസ്.ബി.ഐയുടെ 151 ശാഖകള്‍ക്ക് പൂട്ടുവീഴും
കോഴിക്കോട്: എസ്.ബി.ടി-എസ്.ബി.ഐ ലയനത്തോടെ സംസ്ഥാനത്തെ 151 എസ്.ബി.ഐ ശാഖകള്‍ പൂട്ടും. സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഈ ശാഖകള്‍ക്കു പൂട്ടുവീഴുക. ഒരേസ്ഥലത്തുള്ള അധിക ശാഖകളാണ് പൂട്ടുന്നത്. എസ്.ബി.ഐയില്‍ ലയിച്ച സ്‌റ്റേറ്റ് ബേങ്ക് ഓഫ് മൈസൂരിന്റേയും ഭാരതീയ മഹിളാ ബാങ്കിന്റേയും ശാഖകളും പൂട്ടുന്നവയില്‍ പെടും. നാന്നൂറോളം ശാഖകള്‍ പൂട്ടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഉദ്യോഗസ്ഥരുടെ പുനര്‍ വിന്യാസത്തിലുള്ള പ്രശ്‌നങ്ങളും ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധവും പരിഗണിച്ചാണ് പൂട്ടുന്ന ശാഖകളുടെ എണ്ണം കുറച്ചത്.
കോഴിക്കോട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനു കീഴില്‍ വിവിധ ജില്ലകളിലുള്ള 38 ശാഖകള്‍ പൂട്ടും. കണ്ണൂരില്‍ 11 എണ്ണമാണ് പൂട്ടുന്നത്. കോഴിക്കോട് ജില്ലയില്‍ ഒന്‍പത് ശാഖയും കാസര്‍കോട് എട്ടു ശാഖയും മലപ്പുറത്ത് ഒന്‍പത് ശാഖയും നിര്‍ത്തലാക്കും. കണ്ണൂര്‍ താനയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ ശാഖയും ഇല്ലാതാവും. പഴയ എസ്.ബി.ടി ശാഖകളായ ശ്രീകണ്ഠപുരം, അഴീക്കല്‍, തളിപ്പറമ്പ് ടൗണ്‍, കണ്ണൂര്‍ പെഴ്‌സണല്‍ ബാങ്കിങ്, പാനൂര്‍ ടൗണ്‍ ബ്രാഞ്ച്, കണ്ണൂര്‍ വ്യാപാര മിത്ര, പയ്യാമ്പലം, ചിറക്കല്‍, ഇരിട്ടി, എരിപുരം എന്നീ ശാഖകളാണ് ഇല്ലാതാവുക.
കോഴിക്കോട് ജില്ലയില്‍ പയ്യോളി, മുക്കം, കാരപ്പറമ്പ്, കോഴിക്കോട് എം.എസ്.എം.ഇ, കോഴിക്കോട് ടൗണ്‍ എന്നീ മുന്‍ എസ്.ബി.ടി ശാഖകളും നരിക്കുനി, തൊണ്ടയാട് എന്നീ എസ്.ബി.ഐ ശാഖകളും റയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ മുന്‍ ശാഖയും എരഞ്ഞിപ്പാലം ജങ്ഷനിലെ ഭാരതീയ മഹിളാ ബാങ്കിന്റെ മുന്‍ ശാഖയുമാണ് പൂട്ടുന്നത്.
മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ടൗണ്‍ എസ്.ബി.ഐ, തിരൂര്‍ സ്‌പെഷല്‍ പെഴ്‌സന്‍ എസ്.ബി.ടി, മലപ്പുറം ടൗണ്‍ എസ്.ബി.ടി, വളാഞ്ചേരി ടൗണ്‍ എസ്.ബി.ഐ, കോട്ടക്കല്‍ എന്‍.ആര്‍.ഐ എസ്.ബി.ടി, താനൂര്‍ ടൗണ്‍ എസ്.ബി.ഐ, താനൂര്‍ റോഡ് എസ്.ബി.ഐ, കൊണ്ടോട്ടി ടൗണ്‍ എസ്.ബി.ടി, ചെമ്മാട് എസ്.ബി.ഐ എന്നീ ശാഖകള്‍ ഇനിയുണ്ടാവില്ല. കാസര്‍കോട് ജില്ലയില്‍ ടൗണ്‍ എസ്.ബി.ടി, വെള്ളരിക്കുണ്ട് എസ്.ബി.ഐ, തൃക്കരിപ്പൂര്‍ എസ്.ബി.ടി, നീലേശ്വരം എസ്.ബി.ടി, പാലക്കുന്ന് എസ്.ബി.ഐ, കരന്തക്കാട് എസ്.ബി.ഐ എന്നിവയാണ് അടച്ചുപൂട്ടുന്നവ. ഈ ശാഖകളിലെ അക്കൗണ്ടുകള്‍ തൊട്ടടുത്ത എസ്.ബി.ഐ ശാഖകളിലേക്കു മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."