പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ മുന്നിട്ടിറങ്ങണം: എ. കൗശികന്‍
ഏനാമാവ് : പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും ഉള്ള ബാധ്യത പൂര്‍വ്വവിദ്യാര്‍ഥി സംഘടനകള്‍ക്കൂടി ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശിഗന്‍ ആവശ്യപ്പെട്ടു. പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ ആശ ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നവീകരിച്ച് നല്‍കിയ സ്റ്റേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറക്ക് കൂടി വളരണം എന്ന ലക്ഷ്യത്തോടെയായിരിക്കണം പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനം. നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളാണ് ഹരിത കേരളം, ലൈഫ്, ആര്‍ഹദ്യം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ.
കുട്ടികള്‍ക്ക് ഒരു പാട് കഴിവുകള്‍ ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചക്ക് മൂന്ന് കാര്യങ്ങളാണ് ഉണ്ടാവേണ്ടത്. ചുറ്റുപാട്, അധ്വാനം, ദിശ ഇവ ഒരുക്കി കൊടുക്കാന്‍ വിദ്യാലയത്തോടൊപ്പം രക്ഷിതാക്കളും തയ്യാറായാലേ വിദ്യാര്‍ഥി പൂര്‍ണ്ണതയില്‍ എത്തു എന്നും കലക്ടര്‍ പറഞ്ഞു. ആശ പ്രസിഡന്റ് കൊച്ചുപോള്‍ അധ്യക്ഷനായി. സ്‌ക്കൂള്‍ മാനേജര്‍ ഫാ: ജോണ്‍സണ്‍ അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍, പ്രധാന അധ്യാപകന്‍ പി.ടി ചാക്കോ, ആശ സെക്രട്ടറി ഷിജില്‍ പാലക്കാടി, ആശ ഓവര്‍സീസ് പ്രസിഡന്റ് ഡോ.ഹരി രാം പള്ളിയില്‍, ജോയ് എലവതിങ്കല്‍, ലത്തീഫ് തൊയക്കാവ് സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് ആശ അവാര്‍ഡ് നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."