വിജിലന്‍സിന് ഡയറക്ടറെ നിയമിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി
കൊച്ചി: വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഡി.ജി.പിക്കാണ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല. ഒട്ടേറെ തിരക്കുള്ള പൊലിസ് മേധാവിക്കു പകരം വിജിലന്‍സ് തലപ്പത്തേക്ക് മാത്രമായി ഒരുദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
കാംകോയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ മുന്‍മന്ത്രി കെ.പി മോഹനന് നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വിജിലന്‍സ് കേസുകള്‍ റദ്ദാക്കാന്‍ ഒട്ടേറെ ഹരജികള്‍ വരുന്നുണ്ട്. ഇവ തീര്‍പ്പാക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കേണ്ടതുണ്ട്.
വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനാവൂ. ഡയറക്ടറുടെ അനുമതി ലഭിക്കാന്‍ വൈകിയാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും വൈകും.
ഔദ്യോഗിക തിരക്കുകളുള്ള ഡി.ജി.പിക്ക് സമയബന്ധിതമായി വിജിലന്‍സ് ഡയറക്ടറുടെ കൂടി ചുമതല നിര്‍വഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."