മാലേഗാവ് സ്‌ഫോടനം: ലഫ്. കേണല്‍ പുരോഹിതിന് ജാമ്യം
ന്യൂഡല്‍ഹി: ഏഴുപേരുടെ മരണത്തിനും 100ഓളം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ 2008ലെ മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനും സുപ്രിംകോടതി ജാമ്യം നല്‍കി. ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ പുരോഹിതിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു പുരോഹിത്. ബോംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്.
പുരോഹിത് ഉന്നതങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹം ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുരോഹിതിന്റെ ജാമ്യം ഹരജി പരിഗണിച്ച സുപ്രിം കോടതി, വിധി പറയാന്‍ മാറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ പുരോഹിതിന് പങ്കുണ്ടെന്നും അദ്ദേഹത്തിന് ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നും വ്യാഴാഴ്ച എന്‍.ഐ.എ സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായയ മാലേഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യ സിങ് ഠാക്കൂര്‍, സ്വാമി ദയാനന്ദ പാണ്ഡെയടക്കം നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രഗ്യാ സിങ്ങിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."