ഡ്രാഗണ്‍ ബോട്ടുകള്‍ കേരളം വിട്ടിട്ട് മൂന്നുവര്‍ഷം; കരപ്പുറത്ത് തുഴയാന്‍ വീണ്ടും താരങ്ങള്‍
ആലപ്പുഴ : സ്വന്തമായുളള ബോട്ടുകള്‍ അന്യസംസ്ഥാനക്കാര്‍ക്ക് വാടകയ്ക്ക് നല്‍കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുഴച്ചില്‍ താരങ്ങളെ വട്ടം ചുറ്റിക്കുന്നു. ലോക ഡ്രാഗണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഈ ഗതിക്കേട്. 2017 ഒക്‌ടോബര്‍ 13 മുതല്‍ 23 വരെ ചൈനയിലെ ക്യൂമിങ്ങിലാണ് ലോക മത്സരങ്ങള്‍ അരങ്ങേറുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോഴും ബോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
സെപ്റ്റംബര്‍ 20 മുതല്‍ ആലപ്പുഴയിലെ പുന്നമട കായലിലാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുളളത്. നേരത്തെ 2015,16,17 വര്‍ഷങ്ങളില്‍ ഭോപ്പാല്‍, ഇന്‍ഡോര്‍, അസം എന്നിവിടങ്ങളില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ കരപ്പുറത്തും കൊച്ചുവള്ളങ്ങളിലും തുഴഞ്ഞാണ് താരങ്ങള്‍ ദേശീയ ടീമില്‍ ഇടംനേടിയത്. ഡ്രാഗണ്‍ ബോട്ട് ഇനത്തില്‍ ദേശീയ ടീമില്‍ മലയാളി സാന്നിധ്യം ഏറെയാണ്. രാജ്യത്തിനായി ഈ ഇനത്തില്‍ കേരളത്തില്‍നിന്നുള്ള താരങ്ങള്‍ നിരവധി മെഡലുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്താണ് ഇന്ത്യന്‍ ഡ്രാഗണ്‍ ബോട്ട് ഫെഡറേഷന്‍ ലോക മത്സരത്തിനുളള പരിശീലന ക്യാംപ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
ബോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ആലപ്പുഴയില്‍ സംഘടപ്പിക്കുന്ന ക്യാംപ് വിജയിപ്പിക്കാനാവുമോയെന്ന ആശങ്കയിലാണ് സംഘാടകര്‍. അതേസമയം കൗണ്‍സിലിന് സ്വന്തമായുളള ഏഴോളം ബോട്ടുകളാണ് കര്‍ണാടകയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുള്ളത്. കര്‍ണാടകയില്‍ നടന്ന ഓപ്പണ്ഡ ദേശീയ മത്സരത്തില്‍ ഉപയോഗിക്കാന്‍ കൊണ്ടുപോയ ബോട്ടുകള്‍ ഇനിയും തിരിച്ചുവന്നിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ ബോട്ടുകളില്‍ കര്‍ണാടക താരങ്ങള്‍ പരിശീലനം നടത്തിവരികയാണ്. ബോട്ടുകള്‍ തിരികെ വാങ്ങുന്നതില്‍ കൗണ്‍സില്‍ കാട്ടുന്ന അലംഭാവം താരങ്ങളുടെ ഭാവിയെയാണ് അവതാളത്തിലാക്കുന്നത്. ബോട്ടുകള്‍ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."