റഖയില്‍ യു.എസ് വ്യോമാക്രമണത്തില്‍ 100 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: റഖയില്‍ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 100 ആയി. 48 മണിക്കൂറായി തുടരുന്ന ഐ.എസ് വിരുദ്ധ ആക്രമണത്തില്‍ സിറിയയുടെ കിഴക്കന്‍ മേഖലയായ ബെദൗ, അല്‍ സുഖാനി മേഖലകളില്‍ മാത്രമായി 55 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. യു.എസ് നയിക്കുന്ന കൂട്ടായ്മ സിറിയയിലും അയല്‍രാജ്യമായ ഇറാഖിലുമാണ് ഐ.എസിനെതിരായി ആക്രമണങ്ങള്‍ നടത്തുന്നത്.
സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നതെങ്കിലും കൊല്ലപ്പെട്ടവരുടെ കണക്ക് മിനുട്ടുകള്‍ കൊണ്ട് കൂടിക്കൊണ്ടിരിക്കുകയാണ്. യു.എന്‍ കണക്കു പ്രകാരം 25,000 ത്തോളം ആളുകള്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം ലണ്ടന്‍ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര്‍ ന്റെ കണക്കനുസരിച്ച് ഞായറാഴ്ച 27 പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു. ഇവരുടെ കണക്കനുസരിച്ച് തിങ്കളാഴ്ചത്തെ മരണസംഖ്യ 42 ആണ്.
19 കുട്ടികളും 12 സ്ത്രീകളുമുള്‍പ്പടെയാണ് തിങ്കളാഴ്ച മാത്രം 42 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. എസ്.ഒ.എച്ച്.ആര്‍ ന്റെ കണക്കു പ്രകാരം 69 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. 2014 മുതല്‍ സിറിയയിലും ഇറാഖിലും നടക്കുന്ന ആക്രമണങ്ങളില്‍ ഓഗസ്റ്റ് വരെ 624 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 2011 ല്‍ ആരംഭിച്ച സംഘട്ടനത്തില്‍ ഇതുവരെ നാലു ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."