ഭീകരരെ സംരക്ഷിക്കാന്‍ പാകിസ്താന് ഇന്ത്യയെ കരുവാക്കുന്നു: യു.എസ്
വാഷിങ്ടണ്‍: ഭീകരരെ സംരക്ഷിക്കാന്‍ പാകിസ്താന് ഇന്ത്യയെ കരുവാക്കുകയാണെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിധ്യവും പാകിസ്താന് അലോസരം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിധ്യം പാകിസ്താന് ഭീഷണിയല്ലെന്നും നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എന്‍.എസ്.സി) വക്താവ് മിക്കായേല്‍ ആന്റണ്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്ക് സൈനിക വിന്യാസമോ താവളമോ ഇല്ല. പിന്നെ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതില്‍ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ യു.എസ് നിലപാടിനെ വിമര്‍ശിച്ച് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. ജമ്മു കശ്മിര് വിഷയമാണ് ഇക്കാര്യത്തിലും പാകിസ്താന് ഉയര്‍ത്തിയത്. കശ്മിര് പ്രശ്നവും മേഖലയില്‍ അശാന്തിയുണ്ടാക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി. കഴിഞ്ഞ ദിവസം അഫ്ഗാന് നയം വ്യക്തമാക്കുന്നതിനിടെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെതിരേ രൂക്ഷമായി പ്രതികരിച്ചത്.
ഭീകരരെ സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ സൈനിക നടപടിയെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനെതിരേ കൂടുതല്‍ ആരോപണവുമായി യു.എസ് അധികൃതര്‍ രംഗത്തുവരുന്നത്. അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിയില്‍ പാക് അതിര്‍ത്തിയിലെ ഭീകരക്യാംപുകളും യു.എസ് ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."