ഓണക്കാലം ലക്ഷ്യമിട്ട് മോഷ്ടാക്കള്‍; ജാഗ്രതയോടെ പൊലിസ്
മുഹമ്മ: ഓണക്കാലം ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മോഷ്ടാക്കള്‍ എത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് മോഷ്ടാക്കളില്‍ ഏറെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തുന്നത്.
മോഷണം വര്‍ധിച്ചതോടെ പൊലിസ് പലയിടത്തും പട്രോളിങ് ശക്തമാക്കി. മാരാരിക്കുളം സര്‍ക്കിള്‍ ഓഫിസിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ അടുത്തിടെ മോഷണം വര്‍ദ്ധിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ള ഒരാള്‍ കഞ്ഞിക്കുഴി പ്രദേശം കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ എത്തിയിട്ടുള്ളതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എസ്.എല്‍ പുരത്ത് മൂന്നോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
തിരുട്ടു ഗ്രാമത്തിലുള്ള ഒന്നിലധികം പേര്‍ മോഷണസംഘത്തിലുണ്ടാകാമെന്നായിരുന്നു പൊലിസിന്റെ ആദ്യ നിഗമനം. പിന്നീടുള്ള അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണെന്ന നിഗമനത്തിലേയ്‌ക്കെത്തിയത്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്നെത്തിയ മോഷ്ടാവിനെ മുഹമ്മ പൊലിസ് പിടികൂടിയിരുന്നു. ഓണക്കാലം ലക്ഷ്യമിട്ടാണ് ഇയാള്‍ ഇവിടെയെത്തിയത്. മോഷ്ടാക്കള്‍ പെരുകിയതോടെ പൊലിസ് ഏറെ ജാഗ്രതയിലാണ്.
രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബൈക്ക് പട്രോളിങിനു പുറമെ മഫ്തിയിലും പൊലിസുകാരെ പരിശോധനകള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. പലയിടത്തും ജനകീയ കമ്മറ്റികളുടെ നേതൃത്വത്തിലാണ്രാത്രികാല പരിശോധന നടക്കുന്നത്. അപരിചിതരെ നിരീക്ഷിക്കുന്നതിനൊപ്പം രാത്രികാലങ്ങളില്‍ ദേശീയ പാതയടക്കമുള്ള റോഡുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും പരിശോധന നടത്തും. ജില്ലാ പോലീസ് മേധാവി എസ് .സുരേന്ദ്രന്റെ നിര്‍ദേശാനുസരണം പ്രത്യേക സ്‌ക്വാഡിനെയും പരിശോധനകള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെ കണ്ടാലും കസ്റ്റഡിയിലെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ പൊലിസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കാന്‍ ജനമൈത്രി ജാഗ്രത കമ്മറ്റികള്‍ മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."