ട്രൈബല്‍ പ്രൊമോട്ടര്‍ നിയമനം; പണിയ വിഭാഗത്തോട് അവഗണനയെന്ന് ആരോപണം
മാനന്തവാടി: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ട്രൈബല്‍ പ്രൊമോട്ടര്‍മാരെ മാറ്റി നിയമിച്ചപ്പോള്‍ ജില്ലയില്‍ പരാതിയുടെ പ്രളയം.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ നിയമനങ്ങളില്‍ രാഷ്ട്രീയപക്ഷപാതിത്വവും സാമുദായിക പക്ഷപാതിത്വവും ആരോപിച്ച് രംഗത്ത് വന്നവര്‍ ഭരണത്തിലേറിയപ്പോള്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി പക്ഷപാത നിയമനം നടത്തിയതായാണ് ആരോപണമുയരുന്നത്.
ജില്ലയിലെ പട്ടിക വര്‍ഗങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. ജില്ലയില്‍ ആകെ നിയമിച്ച 362 പ്രൊമോട്ടര്‍മാരില്‍ 85 പണിയ വിഭാഗക്കാരെയാണ് നിയമനം നടത്തിയത്. എണ്ണത്തില്‍ കുറവും അടിസ്ഥാന വികസനത്തില്‍ മുന്‍പന്തിയിലും നില്‍ക്കുന്ന കുറിച്യ വിഭാഗത്തില്‍ നിന്നും 92 പേരെ നിയമിച്ചിട്ടുണ്ട്.
കുറിച്യ വിഭാഗത്തിന് മുന്‍ വര്‍ഷങ്ങളില്‍ പത്താം ക്ലാസ് പഠിച്ചിരിക്കണമെന്ന നിബന്ധന ഈ വര്‍ഷം എടുത്തുകളയുകയും ചെയ്തു. 2014 ല്‍ അന്നത്തെ പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മി സ്വന്തം സമുദായത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്നും പണിയ വിഭാഗത്തില്‍ പെട്ടവരെ തഴഞ്ഞുവെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷവും ഇതേ അവസ്ഥ തന്നെയാണ് നിയമന കാര്യത്തിലുണ്ടായിരിക്കുന്നത്. തിരുനെല്ലി പഞ്ചായത്ത്, മാനന്തവാടി നഗരസഭ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പണിയരെ കൂടുതലായി തഴയപ്പെട്ടിരിക്കുന്നത്.
പണിയ വിഭാഗത്തിന് മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഏഴാം ക്ലാസ് വിദ്യാഭ്യാസവും എഴുത്തും വായനയും അറിയുകയും ചെയ്യുന്നവരെയായിരുന്നു പരിഗണിച്ചത്. നേരത്തെ പ്രൊമോട്ടര്‍മാരായി ഉണ്ടായിരുന്ന നിരവധി പണിയ പ്രൊമോട്ടര്‍മാരെ പുതിയ നിയമനത്തിലുള്‍പ്പെടുത്തിയിട്ടില്ല. 2014ന് മുന്‍പ് ഒരുവര്‍ഷത്തേക്ക് നിയമനം നടത്തിയരുന്നത് യു.ഡി എഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി കാലാവധി നീട്ടി നല്‍കിയിരുന്നു. ഇത് പ്രകാരം 2014 നവംബര്‍വരെ കാലാവധിയുണ്ടായിരിക്കെയാണ് അപേക്ഷ ക്ഷണിച്ച് മാര്‍ച്ചില്‍ ഇന്റര്‍വ്യൂ നടത്തിയത്.
ഇതിനെതിരേ കേരള ട്രൈബല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ മുന്‍പാകെ കേസ് ഫയല്‍ ചെയ്യുകയും നിയമനം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റേ ഉത്തരവ് ലഭിക്കുന്നതിന് മുന്‍പായി ജൂലൈ 30ന് പുതിയ പ്രൊമോട്ടര്‍മാരെ നിയമിച്ചതായി അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്തവരെ അറിയിക്കുകയായിരുന്നു. 2014ല്‍ പ്രൊമോട്ടര്‍മാര്‍ക്കുള്ള ഓണറേറിയം 3675 രൂപ മാത്രമായിരുന്നു. പിന്നീട് ഇത് 6675ഉം 9625 ഉം രൂപ ആക്കി ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ നടത്തിയ നിയമനത്തില്‍ നിരവധി അനര്‍ഹര്‍ കയറിപ്പറ്റിയതായി കാണിച്ച് കേരള ട്രൈബല്‍ പ്രൊമോട്ടേഴ് അസോസിയേഷന്‍ രാഷ്ട്രപതി ഉള്‍പ്പെടയുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മാനന്തവാടി എം.എല്‍.എയുടെ ബന്ധുക്കളെയും, നേരത്തെ സ്വയംതൊഴില്‍ പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗ വകുപ്പ് ഓട്ടോറിക്ഷ നല്‍കിയവരെയും, ഒരേ കുടുംബത്തില്‍പ്പെട്ട ഒന്നിലധികം പേരെയും നിയമനം നടത്തിയതായി ഇവര്‍ പരാതി ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."