ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥപരിഹരിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുമെന്നും തൊഴില്‍-എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍.
ഇതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഇന്നലെ ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ഇന്‍ഷ്വുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഡോ.ആര്‍.അജിത നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ.എ.പി.മുഹമ്മദ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആശുപത്രി പ്രവര്‍ത്തിക്കുന്ന 53 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനകം യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇരുനിലയിലുള്ള കെട്ടിടത്തിന്റെ ചുമരുകള്‍ പൊട്ടി പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വിവിധ വിഭാഗങ്ങളിലെ 15 ഓളം വരുന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കുന്നതിന് പരിമിതമായ സൗകര്യമാണുള്ളത്. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂമുകള്‍ അദ്ദേഹം പരിശോധിച്ചു.
വിവിധ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളടക്കമുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിച്ചു. ഏറ്റവും മോശമായ അവസ്ഥയിലുള്ള ടോയ്‌ലെറ്റ് സൗകര്യത്തെക്കുറിച്ച് രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹായത്തോടെ അടിയന്തിരമായി ടോയ്‌ലെറ്റുകള്‍ പുതുക്കിപ്പണിയുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി. ഫാര്‍മസി, സ്‌കാനിംഗ് റൂം, അടുക്കള എന്നിവിടങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മന്ത്രി നേരിട്ടു മനസിലാക്കി. ഫാര്‍മസിയിലെ മരുന്നകളുടെ ലഭ്യത, വിതരണം ചെയ്യുന്ന രീതി എന്നിവ ചോദിച്ചറിഞ്ഞു.
അനുവദനീയമായ ബഡ്ജറ്റിന്റെ പരിതി കടക്കാതെ രോഗികളുടെ ആഹാരക്രമത്തില്‍ ഉചിതമായ മാറ്റം വരുത്തണമെന്ന് ഡയറ്റീഷ്യന് നിര്‍ദ്ദേശം നല്‍കി. ആഹാരത്തിന്റെ അളവ് വര്‍ദ്്ധിപ്പിച്ചും കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ആശുപത്രികളിലും പാലിക്കാന്‍ പറ്റുന്ന പുതിയ ആഹാരക്രമം തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതിയ കെട്ടിടം ആശുപത്രി കോമ്പൗണ്ടിനകത്തുതന്നെയാണ് നിര്‍മ്മിക്കുക.
നിര്‍മ്മാണം സംബന്ധിച്ച് ധനകാര്യ - പൊതുമാരാമത്ത് വകുപ്പ് മന്ത്രിമാരോട് ആലോചിച്ചിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഇന്‍ഷ്വുറന്‍സ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. മാലിന്യ സംസ്‌കരണത്തിനും ജലശുദ്ധീകരണത്തിനുമടക്കം എല്ലാ വിധസൗകര്യങ്ങളും മുന്‍ വശത്ത് മനോഹരമായ പൂന്തോട്ടവുമുള്ള തരത്തില്‍ പുതിയ ആശുപത്രി സമുച്ചയം രൂപകല്‍പ്പന ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."