പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം തൊഴിലില്ലായ്മ വേതനം നിഷേധിച്ചതായി ആരോപണം
തൃക്കരിപ്പൂര്‍: പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം തൊഴിലില്ലായ്മ വേതനം നിഷേധിച്ചതായി ആരോപണം. പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ തന്നെ വിശദീകരിക്കുമ്പോഴാണു കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പഞ്ചായത്ത് ഓഫിസുകളില്‍ നിന്നു തൊഴിലില്ലായ്മാ വേതനം നിഷേധിച്ചതായുള്ള ആരോപണമുയര്‍ന്നത്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വലിയപറമ്പ് പഞ്ചായത്തില്‍ തൊഴിലില്ലായ്മ വേതനം വാങ്ങാന്‍ വന്ന പലര്‍ക്കും പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ മൂലം വേതനം കൈപ്പറ്റാന്‍ സാധിച്ചില്ല. പഴയ റേഷന്‍കാര്‍ഡിലെ വരുമാനത്തില്‍ നിന്നു വളരെയധികം മാറ്റമാണു പലര്‍ക്കും പുതിയ റേഷന്‍ റേഷന്‍ കാര്‍ഡില്‍ അച്ചടിച്ചു വന്നിട്ടുള്ളത്.
അത്തരത്തിലുള്ളവരോടു വില്ലേജ് ഓഫിസില്‍ നിന്നു വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി വരാനാണു പഞ്ചായത്തില്‍ നിന്ന് അറിയിപ്പു നല്‍കിയത്.
വില്ലേജ് ഓഫിസില്‍ നിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോള്‍ വേതനം വാങ്ങുവാന്‍ കഴിയാതെ തിരിച്ചു പോവുകയായിരുന്നു.
പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം വരാനിരിക്കെ പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയും ഹാജരാക്കിയിട്ടും തെറ്റുകള്‍ നിറഞ്ഞ പുതിയ റേഷന്‍ കാര്‍ഡുകള്‍ മാനദണ്ഡമാക്കി വേതനം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതേസമയം, ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ നിയമപരമായി അവകാശമില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം നല്‍കിയില്ലെന്നു പരാതി
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം നല്‍കിയില്ലെന്നു പരാതി. നാളുകളായി തൊഴിലില്ലായ്മ വേതനം വാങ്ങി വരുന്നവര്‍ക്കാണ് അവസാന നിമിഷം പുതിയ ഉപാധികള്‍ വച്ച് ഇക്കുറി വേതനം നല്‍കാതിരുന്നതത്രേ. ചൊവ്വാഴ്ചയും ഇന്നലെയുമായാണ് പഞ്ചായത്തില്‍ നിന്നു വേതനം വിതരണം ചെയ്തത്.
മാസം 120 രൂപ തോതില്‍ അഞ്ചു മാസത്തെ വേതനമാണു നല്‍കിയത്. ചിലരോടു വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം വേണമെന്നും ഇതു കൊണ്ടുവന്നവരോട് പഞ്ചായത്തു പ്രസിഡന്റിന്റെ ഒപ്പു വേണമെന്നും പറഞ്ഞുവത്രെ. എന്നാല്‍ സമീപിച്ചവര്‍ക്കാര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒപ്പു നല്‍കിയില്ലെന്നും പറയുന്നു.
വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയവരോടു റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരു വേണമെന്നതായിരുന്നു ഉപാധി. എന്നാല്‍ തൊഴിലില്ലായ്മ വേതന വിതരണത്തില്‍ നേരത്തെ തന്നെയുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു. പ്രതിമാസം 100 രൂപ പോലും വരുമാനമില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങി വേതനം നല്‍കുന്ന യാന്ത്രികമായ പതിവ് ഉപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുക മാത്രമാണു ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഗള്‍ഫുകാരുടെയും കുടുംബാംഗങ്ങള്‍ വേതനം വാങ്ങുന്നതു അവസാനിപ്പിക്കുകയാണ് ഉദ്ദേശം.
പഞ്ചായത്തില്‍ നിലവില്‍ 165 പേര്‍ വേതനം വാങ്ങുന്നുണ്ട്. ഇതില്‍ 50 പേര്‍ മാത്രമാണു ബുധനാഴ്ച ഉച്ച വരെ വേതനം വാങ്ങിയത്. ബാക്കി വന്ന തുക ട്രഷറിയില്‍ തന്നെ തിരിച്ചടയ്ക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."