ഐ.ആര്‍.എന്‍.എസ്-1 എച്ച് പരാജയത്തിന് കാരണം അമിത ഭാരമെന്ന് ഐ.എസ്.ആര്‍.ഒ
ശ്രീഹരിക്കോട്ട: തദ്ദേശീയ ജി.പി.എസ് സംവിധാനമെന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കാല്‍വയ്പ്പുകളിലൊന്ന് പിഴച്ചത് അമിത ഭാരത്താലാണെന്ന് ഐ.എസ്.ആര്‍.ഒ. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ തദ്ദേശീയ ഗതിനിര്‍ണയ സംവിധാനം നാവികിനുള്ള ഉപഗ്രഹവുമായി കുതിച്ച പി.എസ്.എല്‍.വി സി-39 വിക്ഷേപണം പരാജയപ്പെട്ടത്. ഐ.ആര്‍.എന്‍.എസ്.എസ് 1 എച്ച് എന്ന ഉപഗ്രഹം വഹിച്ചുള്ള പി.എസ്.എല്‍.വി സി-39 യാത്രയാണ് നാലാം ഘട്ടത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അനുവദനീയമായതിലും ഒരു ടണ്‍ അമിതഭാരമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം.
രൂപകല്‍പന ചെയ്തിരുന്നതിനേക്കാള്‍ ഒരു ടണ്‍ ഭാരം റോക്കറ്റിനു കൂടുതലുണ്ടായിരുന്നു. അതാണ് താപകവചം (ഹീറ്റ് ഷീല്‍ഡ്) വേര്‍പെടാത്തതിന് കാരണമായത്. അമിതഭാരം വേഗതയെയും ബാധിച്ചു. സെക്കന്‍ഡില്‍ 9.5 കിലോമീറ്റര്‍ വേഗത കൈവരിക്കേണ്ട റോക്കറ്റിന് 8.5 കിലോമീറ്ററേ എത്താനായുള്ളൂ. ഉദ്ദേശിച്ചിരുന്ന പാതയില്‍ നിന്ന് വ്യതിയാനവും സംഭവിച്ചു. സബ് ജിയോസിങ്ക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് എത്തുന്നതിനു പകരം അതിനു താഴെയുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റെത്തിയത്. വിക്ഷേപണ സമയത്തുണ്ടാകുന്ന ചൂടില്‍നിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ളതാണ് താപകവചം. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ചുകഴിഞ്ഞാല്‍ താപകവചം തനിയെ വേര്‍പെടുകയാണ് ചെയ്യുക. നിര്‍ദേശങ്ങളും ക്രമീകരണങ്ങളും അതനുനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും പ്രായോഗികമായി നടപ്പായില്ല.
ഭാരം കൂടിയതിനാല്‍, പ്രതീക്ഷിത ഉയരമായ 20,650 കിലോമീറ്ററിലേക്ക് എത്തിയില്ല. ഈ ഘട്ടത്തില്‍ 6,000 കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമാണ് റോക്കറ്റ് എത്തിയത്. നിലവില്‍ ബഹിരാകാശ അവശിഷ്ടമായി (ഡെബ്രിസ്) മാറിയിരിക്കുകയാണ് ഉപഗ്രഹം. ഇതു വരെ നടത്തിയ ദൗത്യങ്ങളില്‍ 95 ശതമാനം വിജയം നേടിയ ചരിത്രമുള്ള പി.എസ്.എല്‍.വിക്കുണ്ടായ ചെറിയ തിരിച്ചടി പോലും ഐ.എസ.്ആര്‍.ഒയെ ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."