ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇവര്‍ വലിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.
ബെംഗളൂരു രാജരാജേശ്വരിയിലെ വസതിയിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. വീട്ടിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിയേറ്റ ഇവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
കന്നഡയില്‍ 'ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയിഡ് നടത്തിവരികയായിരുന്നു. ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ശക്തമായ രീതിയില്‍ എഴുതുന്നതിനാല്‍ നിരന്തരം ഭീഷണി നേരിട്ടു. ബി.ജെ.പി നേതാവ് ഉമേഷ് ദുഷിയും ധര്‍വാഡ് എം.പി പ്രള്‍ഹാദ് ജോഷിയും നല്കിയ മാനനഷ്ടക്കേസില്‍ ഗൗരി ലങ്കേഷിനെതിരെ ആറു മാസം തടവു ശിക്ഷ വിധിച്ചിരുന്നു. ബി.ജെ.പിക്കെതിരെ 2008 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്.
രണ്ടു വര്‍ഷം മുമ്പാണ് കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചത്. തീവ്രഹിന്ദുത്വത്തിനെതിരെയും ഫാസിസത്തിനെതിരെയും ശബ്ദിച്ചിരുന്ന കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ഗൗരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."