ശ്രീനാരായണ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തം: മന്ത്രി സുനില്‍കുമാര്‍
വൈക്കം: ലോകത്തെ മാറ്റിമറിച്ച ഭാരതീയ ദര്‍ശനമാണ് ശ്രീനാരായണ ദര്‍ശനമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. വൈക്കം എസ്.എന്‍.ഡി.പി യൂനിയന്‍ നടത്തിയ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ആശ്രമം സ്‌ക്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെയും ഭാരതത്തിന്റെയും വിവിധ ദര്‍ശനങ്ങളില്‍ ഏറ്റവും പ്രശോഭിതമാണ് ഗുരുദര്‍ശനങ്ങള്‍. സാമൂഹികമായി ഇരുളടഞ്ഞ നീചമായ ഒരു കാലത്തായിരുന്നു ഗുരുവിന്റെ ജീവിതം. ആ നീചമായ കാലത്ത് ഗുരു ചുറ്റുപാടും വെളിച്ചം പ്രസരിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെന്നും സുനില്‍കുമാര്‍ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം പോലും വെടിയേറ്റുവീഴുന്ന ഇരുണ്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇക്കാലത്ത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഗുരുദര്‍ശനങ്ങളുടെ പ്രസക്തി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂനിയന്‍ പ്രസിഡന്റ് പി.ബി ബിനേഷ് അധ്യക്ഷനായി.
യോഗത്തില്‍ സാമൂഹ്യക്ഷേമനിധി വിതരണം സി.കെ ആശ എം.എല്‍.എയും മെറിറ്റ് അവാര്‍ഡ് വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസും നിര്‍വഹിച്ചു. സെക്രട്ടറി എം.പി സെന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, അനില്‍കുമാര്‍, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, രാജേഷ് തടത്തില്‍, വി.ഡി സുനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ടി.എസ് ബൈജു, എസ്.കെ സജി, പി.വി വിവേക്, മണി മോഹന്‍, ലൈല ചെല്ലപ്പന്‍, കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, പി.ടി ജിനീഷ്, ഷാജി ടി.കുരുവിള, പ്രിയ ഭാസ്‌ക്കര്‍, സാലി ജോര്‍ജ്ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."