ലോഡ്ജില്‍ നിന്നും സെപ്ടിക് മാലിന്യം റോഡിലേക്ക്
ഗുരുവായൂര്‍: ലോഡ്ജില്‍ നിന്നും സെപ്ടിക് മാലിന്യം റോഡിലേക്ക് അധികൃതര്‍ തുറന്നു തള്ളിവിട്ടത് യാത്രക്കാര്‍ക്കും, ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും ദുരിതം തീര്‍ത്തു. ഇന്നലെ ഉച്ചയോടെ കിഴക്കെ നടയിലെ കൗസ്തുഭം റസ്റ്റ് ഹൗസില്‍ നിന്നും വേണുഗോപാല്‍ പാര്‍ക്കിംങ് ഗ്രൗണ്ടിന് മുന്നിലുള്ള റോഡിലേക്കാണ് സെപ്ടിക് മാലിന്യം തുറന്നു വിട്ടത്. സെപ്ടിക് ടാങ്കിലേക്കുള്ള പൈപ്പില്‍ തടസ്സമുണ്ടായപ്പോള്‍ അധികൃതര്‍ റോഡിലേക്ക് പൊട്ടിച്ചുവിടുകയായിരുന്നു. റോഡില്‍ കറുത്ത നിറത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന സെപ്ടിക് മലിനജലം റോഡില്‍ തളംകെട്ടി നില്ക്കുന്ന അവസ്ഥയിലായിരുന്നു. കാല്‍നടയായി സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇന്നലെ സാമാന്യം ഭക്തരുടെ തിരക്കുള്ള ദിവസമായിരുന്നു. വിവാഹങ്ങും ഉണ്ടായിരുന്നു. ദേവസ്വം പാര്‍ക്കിങ്ങ് ഗ്രൗണ്ടായ വേണുഗോപാല്‍ പാര്‍ക്കിംങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിര്‍ത്തി ക്ഷേത്രത്തിലേക്ക് നടന്നു പോയവരില്‍ പലര്‍ക്കും ഈ സെപ്ടിക് മാലിന്യത്തിലൂടെ ചവിട്ടി പോവേണ്ടി വന്നു. തിരക്കുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുന്നതിനായി കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും ഈ സെപ്ടിക് മാലിന്യത്തില്‍ കാല് കുത്തേണ്ടി വന്നു. സെപ്ടിക് മാലിന്യം ഒഴുക്കിയതറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ശോഭാ ഹരിനാരായണന് മുനിസിപ്പല്‍ അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജിവ് ദേവസ്വം അധികൃതര്‍ക്ക് നോട്ടീസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."