അശാസ്ത്രീയ കാന നിര്‍മാണം; വെള്ളക്കെട്ട് രൂക്ഷം
മാള: ടൗണിന്റെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് മാള ടൗണില്‍ നടന്ന കാന നിര്‍മ്മാണത്തിലെ അപാകത നിമിത്തം വെള്ളക്കെട്ട് രൂക്ഷം. ശക്തമായ ഒരു മഴ പെയ്താല്‍ തന്നെ രൂപപ്പെടുന്ന വെള്ളക്കെട്ട് സൃഷ്ടിക്കുന്ന ദുരിതം ഏറെയാണ്.
പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്ക് മെയിന്‍ റോഡില്‍ നിന്നും കയറുന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ലാഭം ഔട്ട് ലെറ്റും നീതി മെഡിക്കല്‍ സ്റ്റോറുമടക്കം നിരവധി സ്ഥാപനങ്ങളും പത്രങ്ങളുടെ ബ്യൂറോ ഓഫീസുകളും പ്രവര്‍ത്തിക്കുന്നിടത്തേക്കുള്ള വഴിയാണിത്. രണ്ടര വര്‍ഷത്തോളം മുന്‍പാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കാനകള്‍ പുതുക്കി പണിതതും ടൈല്‍സ് പാകിയതും.
ഇത്തരം ഭാഗങ്ങളില്‍ കാനയുടെ ഉയരം കുറച്ച് സ്ലാബിടുകയാണ് ചെയ്തത്. ഇത്തരം ഭാഗങ്ങളില്‍ കാനക്ക് മേലെ വരുന്ന വെള്ളത്തെ കാനയിലേക്ക് കടത്തി വിടാനായി വളരെ ചെറിയൊരു ദ്വാരം മാത്രമാണുള്ളത്. ഇരുമ്പിന്റെ ഗ്രില്ലും സ്ഥാപിച്ചിട്ടുണ്ട്.
ദ്വാരം കുറവായതിനാല്‍ വളരെ കുറച്ച് വെള്ളം മാത്രമാണ് ഇതിലൂടെ പോകുന്നത്. തപാലാപ്പീസിന് സമീപത്ത് നിന്നുമുള്ള വെള്ളമെല്ലാം വന്നെത്തുന്നത് ഈ ഭാഗത്തേക്കാണ്. തപാലാപ്പീസിന് സമീപത്ത് നിന്നുമുള്ള റോഡില്‍ ഇറക്കമായതിനാല്‍ വെള്ളം കുത്തിയൊലിച്ചാണിവിടേക്ക് എത്തുന്നത്. അതിനാല്‍ തന്നെ ശക്തമായ മഴയത്ത് നിമിഷ നേരം കൊണ്ട് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. പ്രധാന റോഡില്‍ ഹമ്പുള്ളതിനാല്‍ അവിടെ വെള്ളം തടയപ്പെടുന്നതിനാല്‍ പ്രദേശത്തെ മഴ വെള്ളമാകെ ഈ ഭാഗത്തേക്കാണ് എത്തുന്നത്.
കലങ്ങി മറിഞ്ഞ് മാലിന്യങ്ങള്‍ അടക്കം എത്തുന്ന വെള്ളം രോഗഭീഷണിയും ഉയര്‍ത്തുന്നതാണ്. സ്ഥാപന ഉടമകളും ജീവനക്കാരും ഉപഭോക്താക്കളുമായുള്ള നൂറ് കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."