വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമണം: രണ്ടുപേര്‍ പൊലിസ് പിടിയിലായി
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനം കുറ്റിലക്കടവിലും വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ മതിലകം പൊലിസിന്റെ പിടിയിലായി. ചെന്ത്രാപ്പിന്നി കണ്ണനാംകുളം ഏറാക്കല്‍ സുരേഷ് ബാബു മകന് സൂരജ് എന്ന അനു, പെരിഞ്ഞനം കുറ്റിലക്കടവ് ഓരം പുരയ്ക്കല്‍ സതീഷന് മകന് മിഥുന് എന്നിവരാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 27 ന് ചെന്ത്രാപ്പിന്നി കണ്ണനാംകുളങ്ങര ക്ഷേത്രത്തിനടുത്തുള്ള മൂന്നു വീടുകളില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളുകളും മറ്റു മാരകായുധങ്ങളുമായി വീടുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടുകാര്‍ക്ക് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലാണ് സൂരജിനെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ചേറ്റുവ ഹാര്‍ബറിനടുത്തു നിന്ന് പൊലിസ് പിടികൂടുകയായിരുന്നു. ഈ മാസം മൂന്നിന് രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം കുറ്റിലക്കടവ് ഭാഗത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാളുകളും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് വീടുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടുകാര്‍ക്ക് ദേഹോപദ്രവമേല്‍പ്പിക്കുകയും സംഭവം കണ്ടു നിന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത കേസിലാണ് മിഥുന് പൊലിസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന ഇയാളെ ഇന്നലെ പൊലിസ് പുതിയകാവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."