600 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ ബാങ്ക് ഉടമ മുങ്ങി
പാറശാല: 600 കോടി രൂപയുടെ നിക്ഷേപ തുകയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ മുങ്ങിയതായി പരാതി. നിക്ഷേപകര്‍ കഴിഞ്ഞദിവസം രാവിലെ മുതല്‍ മണിയ്ക്കൂറുകള്‍ റോഡ് ഉപരോധിച്ചു.
പാറശാല പളുകല്‍ നിര്‍മല കൃഷ്ണ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ നിര്‍മലാണ് സ്ഥാപനം പൂട്ടി മുങ്ങിയത്.
നാട്ടിലും വിദേശത്തും ഇയാള്‍ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നതായി ഇടപാടുകാര്‍ പറയുന്നു. നോട്ട് നിരോധനം നിലവില്‍ വന്നതു മുതല്‍ പണം പിന്‍വലിക്കാന്‍ എത്തുന്ന നിക്ഷേപകരെ പല അവധികളും പറഞ്ഞ് ഉടമ മടക്കി അയക്കുകയായിരുന്നതായി ഇടപാടുകാര്‍ പറയുന്നു.
കശുഅണ്ടി ഫാക്ടറി , ഹോളോ ബ്രിക്സ് , ഹോട്ടലുകള്‍ , വസ്തു കച്ചവടം തുടങ്ങി പല ബിസിനസുകള്‍ ഇയാള്‍ നടത്തി വരികയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ നിക്ഷേപ തുക പിന്‍വലിക്കുവാന്‍ ഇടപാടുകാര്‍ എത്തിയപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമ സ്ഥലം കാലിയാക്കിയതായി നിക്ഷേപകര്‍ അറിയുന്നത്. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ ഏറെ നേരം റോഡ് ഉപരോധിക്കുകയായിരുന്നു.
പളുകല്‍ പൊലിസ് എത്തി ഇടപാടുകാരെ അനുനയിപ്പിച്ച് അയക്കുകയായിരുന്നു. തമിഴ്നാട് അതിര്‍ത്തിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പളുകല്‍ പൊലിസ് സ്റ്റേഷനും തമിഴ്നാടിന്റെ അധികാര പരിധിയിലാണ് വരുന്നത്.
ഏകദേശം പതിനായിരം നിക്ഷേപകര്‍ 600 കോടിയോളം രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടുളളതായിട്ടാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."