മെസ്സിക്ക് ഹാട്രിക്ക്; അഞ്ചടിച്ച് ബാഴ്‌സലോണ
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ എസ്പാന്യോളിനെ വീഴ്ത്തി. മൂന്നാം തുടര്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും കറ്റാലന്‍ സംഘത്തിനായി.
മെസ്സി ഹാട്രിക്ക് ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോളുകള്‍ ജെറാര്‍ഡ് പിക്വെ, ലൂയീസ് സുവാരസ് എന്നിവരും നേടി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും തവണയാണ് ബാഴ്‌സ എസ്പാന്യോളിന്റെ വലയില്‍ പന്തെത്തിച്ചത്. കളി തുടങ്ങി 26ാം മിനുട്ടില്‍ മെസ്സി ആദ്യ ഗോളിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. 35ാം മിനുട്ടില്‍ അര്‍ജന്റീന നായകന്‍ വീണ്ടും വല കുലുക്കി. രണ്ടാം പകുതി തുടങ്ങി 67ാം മിനുട്ടില്‍ തന്റെ ഹാട്രിക്കിലൂടെ ടീമിന്റെ സ്‌കോറും മെസ്സി മൂന്നിലെത്തിച്ചു. പിക്വെ 87ാം മിനുട്ടില്‍ നാലാം ഗോളും സുവാരസ് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അഞ്ചാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 4-2ന് ഡിപോര്‍ടീവോ ലാ കൊരുണയെ തകര്‍ത്തു. അത്‌ലറ്റിക്ക് ബില്‍ബാവോ 2-0ത്തിന് ജിറോണയേയും സെവിയ്യ 3-0ത്തിന് എയ്ബറിനേയും വീഴ്ത്തി.
മാഞ്ചസ്റ്ററിനെ സ്റ്റോക് സമനിലയില്‍ കുരുക്കി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്റ്റോക് സിറ്റി സമനിലയില്‍ തളച്ചു. 2-2നാണ് സ്റ്റോക് സിറ്റി സമനില സ്വന്തമാക്കിയത്. സ്റ്റോക് താരം ചൗപോ മോട്ടിങിന്റെ ഇരട്ട ഗോളുകളാണ് യുനൈറ്റഡിന് വിജയം നിഷേധിച്ചത്. 43ാം മിനുട്ടില്‍ മോട്ടിങിലൂടെ സ്റ്റോകാണ് മുന്നിലെത്തിയത്. പിന്നാലെ ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ റാഷ്‌ഫോര്‍ഡ് യുനൈറ്റഡിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി 57ാം മിനുട്ടില്‍ മിന്നും ഫോമിലുള്ള റൊമേലു ലുകാകു യുനൈറ്റഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 63ാം മിനുട്ടില്‍ മോട്ടിങ് സ്റ്റോകിനെ ഒപ്പമെത്തിക്കുകയായിരുന്നു. പത്ത് പോയിന്റുമായി യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഒന്നും രണ്ടും സ്ഥാനത്ത്. ഗോള്‍ ശരാശരിയിലാണ് യുനൈറ്റഡ് ഒന്നാമത് നില്‍ക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി.
ബയേണിനെ ഞെട്ടിച്ച് ഹോഫെന്‍ഹെയിം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് സീസണിലെ ആദ്യ തോല്‍വി. ഹോഫെന്‍ഹെയിം സ്വന്തം തട്ടകത്തില്‍ നിലവിലെ ചാംപ്യന്‍മാരെ 2-0ത്തിന്റെ ഞെട്ടിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. മാര്‍ക് ഉത്ത് ഇരു പകുതികളിലായി നേടിയ ഇരട്ട ഗോളുകളാണ് ഹോഫെന്‍ഹെയിമിന് വിജയം സമ്മാനിച്ചത്. മൂന്നാം മത്സരത്തിലെ പരാജയത്തോടെ ബയേണ്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. പട്ടികയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഒന്നാമതും ഹോഫെന്‍ഹെയിം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മറ്റൊരു മത്സരത്തില്‍ വെര്‍ഡര്‍ ബ്രെമനെ- ഹെര്‍ത 1-1ന് സമനിലയില്‍ തളച്ചു.
യുവന്റസിന് തുടര്‍ച്ചയായ മൂന്നാം ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ചാംപ്യന്‍മാരായ യുവന്റസിന് തുടര്‍ച്ചയായ മൂന്നാം ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ചീവോയെ പരാജയപ്പെടുത്തി. ഹെറ്റെമജ്, ഹിഗ്വയ്ന്‍, ഡിബാല എന്നിവരുടെ ഗോളുകളാണ് യുവന്റസിന് വിജയമൊരുക്കിയത്. മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍, ലാസിയോ ടീമുകളും വിജയം കണ്ടു. ഇന്റര്‍ മിലാന്‍ 2-0ത്തിന് എസ്.പി.എ.എല്ലിനെ പരാജയപ്പെടുത്തിയപ്പോള്‍ ലാസിയോ 4-1 എ.സി മിലാനെ പരാജയപ്പെടുത്തി. ഉദീനിസെ, ഫിയോരെന്റിന, കഗ്ലിയാരി, അറ്റ്‌ലാന്റ ടീമുകളും വിജയം സ്വന്തമാക്കി. ജയത്തോടെ യുവന്റസ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.
മൊണാക്കോയെ കീഴടക്കി നീസ്
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ ചാംപ്യന്‍മാരായ മൊണാക്കോക്ക് ഞെട്ടിക്കുന്ന തോല്‍വി. മരിയോ ബെലോട്ടെല്ലിയുടെ ഇരട്ട ഗോള്‍ മികവില്‍ നീസ് മൊണാക്കോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."