നദാലിസം; മൂന്നാം യു.എസ് ഓപണും 16ാം ഗ്രാന്‍ഡ് സ്ലാം കിരീടവും
ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടെന്നീസ് കിരീടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നാദലിന്റെ മുത്തം. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ അനായാസം വീഴ്ത്തി സ്‌പെയിനിന്റെ റാഫേല്‍നദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി.
കരിയറിലെ 16ാം ഗ്രാന്‍ഡ് സ്ലാം കിരീടവും. ഫ്‌ളെഷിങ് മെഡോസില്‍ നദാലിന്റെ മൂന്നാം യു.എസ് ഓപണ്‍ കിരീടവുമാണിത്. നേരത്തെ 2010, 2013 വര്‍ഷങ്ങളില്‍ സ്പാനിഷ് താരം ഇവിടെ ചാംപ്യനായിരുന്നു. മൊത്തം 23 ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലെ താരത്തിന്റെ 16ാം വിജയം.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആന്‍ഡേഴ്‌സന് ഒരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍: 6-3, 6-3, 6-4. മികച്ച ബാക്ക്ഹാന്‍ഡ്, ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമായി കളം നിറഞ്ഞ നദാലിന്റെ മികവ് മൈതാനം മുഴുവന്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ആന്‍ഡേഴ്‌സന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എങ്കിലും മികച്ച മുന്നേറ്റം നടത്തി കരിയറില്‍ ആദ്യമായാണ് ആന്‍ഡേഴ്‌സന്‍ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ കലാശപ്പോര് കളിക്കുന്നത്. കംപ്യൂട്ടര്‍ റാങ്കിങ് നടപ്പാക്കിയ 1973ന് ശേഷം ആദ്യമായാണ് ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ഒരു താരം യു.എസ് ഓപണിന്റെ ഫൈനല്‍ കളിക്കുന്നത്. ഫൈനലിലിറങ്ങുമ്പോള്‍ ആന്‍ഡേഴ്‌സന്‍ 32ാം റാങ്കിലായിരുന്നു.
സീസണില്‍ മികച്ച ഫോമില്‍ മുന്നേറിയ നദാല്‍ ഫ്രഞ്ച് ഓപണും യു.എസ് ഓപണും സ്വന്തമാക്കുകയും ആസ്‌ത്രേലിയന്‍ ഓപണിന്റെ ഫൈനലിലെത്തുകയും ചെയ്ത് ഈ വര്‍ഷം അവിസ്മരണീയമാക്കി.
ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ നേട്ടത്തില്‍ ഇതോടെ സ്പാനിഷ് താരം രണ്ടാം സ്ഥാനത്ത്. 19 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി നദാലിന് മുന്നില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണുള്ളത്. ഈ സീസണിലെ നാല് ഗ്രാന്‍ഡ് സ്ലാമുകളില്‍ രണ്ട് വീതം പങ്കിട്ട് ഫെഡററും നദാലും ഒരിക്കല്‍ കൂടി ടെന്നീസ് ലോകത്തെ അതികായരായി നിറഞ്ഞതാണ് 2017ലെ ശ്രദ്ധേയമായ കാര്യം.
പരുക്കും ഫോമിലില്ലായ്മയും കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും വിസ്മൃതിയിലായിപ്പോയ നദാലിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് 2017 സാക്ഷിയായത്. 2015ലും 2016ലും കിരീട നേട്ടമില്ലാതെ ഒതുങ്ങിപ്പോയ നദാല്‍ 2017ലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണിന്റെ ഫൈനലിലെത്തി വരാനിരിക്കുന്ന മികവിന്റെ സൂചനകള്‍ നല്‍കിയിരുന്നു.
പിന്നാലെ ഫ്രഞ്ച് ഓപണില്‍ പത്താം തവണയും കിരീടം നേടി ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം പത്ത് തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന പെരുമയുമായി റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറിയാണ് നദാല്‍ സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാമായ യു.എസ് ഓപണിനെത്തിയത്. തുടക്കം മുതല്‍ കിരീട നേട്ടത്തിലെത്തിയ വിജയം വരെ നീണ്ട നദാലിന്റെ മുന്നേറ്റം പഴുതുകളില്ലാതെ ആധികാരികമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."