ഇടതു സര്‍ക്കാര്‍ മദ്യ ലോബിയുടെ കയ്യാളായി: എം.കെ രാഘവന്‍ എം.പി
കാസര്‍കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിനിമാ താരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് തുടങ്ങിയവരെ ഇറക്കി തങ്ങള്‍ മദ്യത്തിനു എതിരാണന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷം, അധികാരത്തിലേറിയപ്പോള്‍ മദ്യ ലോബിയുടെ കയ്യാളായി മാറിയിരിക്കുകയാണന്നു എം.കെ. രാഘവന്‍ എം.പി.
യു.ഡി.എഫിന്റെ ആത്മാര്‍ഥമായ മദ്യ വിരുദ്ധ നിലപാടോട് ചെറുത്തു നില്‍ക്കുന്നതിനു വേണ്ടിയാണ് തങ്ങളും മദ്യത്തിനു എതിരാണന്നു വരുത്തിതീര്‍ക്കാന്‍ താരങ്ങളെ ഇറക്കി മദ്യ വര്‍ജ്ജനം പ്രസംഗിപ്പിച്ചത്.
അതേസമയം ഇന്ന് മദ്യ ലോബികള്‍ക്കും പണക്കാര്‍ക്കും വേണ്ടി മാത്രമുള്ള ഭരണമായി പിണറായി സര്‍ക്കാര്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, പി.എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, നേതാക്കളായ എന്‍. മഹേന്ദ്രധപ്രതാപ്, എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."