സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷം: മട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കും
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ നില നില്‍ക്കുന്ന സി.പി.എം, സി.പി.ഐ തര്‍ക്കം രൂക്ഷമായതോടെ ചരിത്രത്തിലാദ്യമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരു പാര്‍ട്ടികളും വെവ്വേറെ ആചരിക്കും. സി.പി.എമ്മില്‍ നിന്ന് രാജിവയ്ക്കുകയും പുറത്താക്കപ്പെടുകയും ചെയ്തവരെ സി.പി.ഐയിലേക്ക് എടുത്തതിനെ തുടര്‍ന്ന് ഏറെ നാളുകളായി മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വേളകളിലും ഇത് പ്രകടമായിരുന്നു. സി.പി.എം, സി.പി.ഐ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്ന കാലങ്ങളില്‍ പോലും മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരു പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ഒരുമിച്ചാണ് ആചരിച്ചിരുന്നത്. ആ അവസ്ഥയ്ക്കാണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്. ഇത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.
സി.പി.ഐ, എ.ഐ.ടി.യു.സി നേതൃത്വത്തില്‍ സെപ്തംബര്‍ പതിനഞ്ച് രാവിലെ ഏഴരക്ക് പുതിയറോഡില്‍ നിന്ന് പ്രകടനം ആരംഭിക്കും. കോക്കേഴ്‌സ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. ചക്കരയിടുക്കില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഈരവേലിയില്‍ നിന്ന് എട്ട് മണിയോടെ പ്രകടനം ആരംഭിക്കും. ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
1953 സെപ്തംബര്‍ പതിനഞ്ചിനാണ് മട്ടാഞ്ചേരി വെടി വെപ്പുണ്ടാകുന്നത്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന പ്രാകൃത തൊഴില്‍ സമ്പ്രദായമായ ചാപ്പക്കെതിരേ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ പൊലിസിന്റെ ക്രുരമര്‍ദ്ദനത്തിനിരയായി മരിക്കുകയും ചെയ്തു. അന്ന് സി.പി.ഐയും എ.ഐ.ടി.യു.സിയുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."