സ്വത്ത് തട്ടിയെടുത്ത സംഭവം: അന്വേഷണ സംഘം ജാനകിയെ ചോദ്യം ചെയ്തു
പയ്യന്നൂര്‍/ തളിപ്പറമ്പ്: മുന്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ ദുരൂഹ മരണവും സ്വത്ത് തട്ടിയെടുത്തതും സംബന്ധിച്ച പരാതിയില്‍ കെ.വി ജാനകിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സംഘമാണ് അഡ്വ. കെ.വി ശൈലജയുടെ സഹോദരിയും സ്വത്ത് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയുമായ കെ.വി ജാനകിയെ രാമന്തളിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്. പയ്യന്നൂര്‍ വിഠോബ ക്ഷേത്രത്തില്‍ നിയമപരമായി 1980 ഏപ്രില്‍ 27ന് ബാലകൃഷ്ണനും താനും വിവാഹിതരായതെന്നായിരുന്നു ജാനകിയുടെ പ്രധാന മൊഴി. മൂന്നുമാസം കഴിയുന്നതിന് മുമ്പ് 1980 ജൂലൈ 10ന് ജാനകിയും കെ. ശ്രീധരന്‍നായരും യഥാര്‍ഥത്തില്‍ വിവാഹിതരായി. 2011 സെപ്റ്റംബര്‍ 12 നാണ് ബാലകൃഷ്ണന്‍ മരിച്ചത്. ശ്രീധരന്‍നായര്‍ മരിച്ചത് 2010 നവംബര്‍ 10നാണ്. രണ്ടുപേരും ജീവിച്ചിരിക്കെ രണ്ടു വിവാഹം കഴിച്ചതിലെ പൊരുത്തക്കേടുകള്‍ ചുണ്ടിക്കാണിച്ചപ്പോള്‍ ജാനകിക്ക് ഉത്തരംമുട്ടി. 1980ല്‍ ബാലകൃഷ്ണനുമായുള്ള വിവാഹക്ഷണക്കത്ത് 1990നു ശേഷം നിലവില്‍വന്ന കംപ്യൂട്ടര്‍ ഡി.ടി.പി പ്രിന്റില്‍ തയാറാക്കി, ഈ വിവാഹക്ഷണക്കത്തില്‍ എട്ടുവര്‍ഷത്തിനുശേഷം 1988 ഓഗസ്റ്റ് 25ന് മരിച്ച ഡോ. കുഞ്ഞമ്പുനായര്‍ പരേതനായതെങ്ങിനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായിരുന്നില്ല. അധിക ചോദ്യങ്ങള്‍ക്കും ഓര്‍മയില്ല എന്ന ഉത്തരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ബന്ധുക്കളെയും അഭിഭാഷകനെയും പ്രതിചേര്‍ക്കാന്‍ പൊലിസ് നടപടി തുടങ്ങി. ജാനകിയെ കൂടാതെ കോറോം സ്വദേശിയായ സോമന്‍, സിനീഷ് എന്നിവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അഭിഭാഷകയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സാക്ഷി ഒപ്പിടുകയും ഇവര്‍ക്ക് സഹായം നല്‍കുകയും ചെയ്തുവെന്നതിനാലാണ് സോമനെ ചോദ്യം ചെയ്തത്. വിവാഹം കഴിച്ചതായുള്ള രേഖകള്‍ സംബന്ധിച്ച് പയ്യന്നൂരിലെ ക്ഷേത്രത്തിലുമെത്തി തെളിവുകള്‍ ശേഖരിച്ചു. പയ്യന്നൂര്‍ മുന്‍ വില്ലേജ് ഓഫിസറെയും തളിപ്പറമ്പ് മുന്‍ തഹസില്‍ദാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കര്‍ണാടകയിലെ കാര്‍ക്കളയിലെ ജാനകിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളെയും മറ്റും കണ്ടെത്തി മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."