മത്സ്യ-പച്ചക്കറി വിപണികളില്‍ തട്ടിപ്പെന്ന് ഉപഭോക്താക്കള്‍
കാസര്‍കോട്: വിപണിയില്‍ നാടന്‍ മത്സ്യത്തോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വില്‍പന നടത്തുന്നതായി ആക്ഷേപം. പണ്ടണ്ടണ്ടണ്ടണ്ടണ്ടച്ചക്കറികളുടെ വില്‍പനയും ഈ തരത്തില്‍ നടക്കുന്നതായി ആരോപണമുണ്ട്.
ഐസിലും മറ്റും സൂക്ഷിച്ചു വെക്കുന്ന നാളുകള്‍ക്കു മുമ്പുള്ള മത്സ്യങ്ങളാണു പുതുതായി കടലില്‍ നിന്നു പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തോടൊപ്പം ഇടകലര്‍ത്തി വില്‍ക്കുന്നത്. മത്തി, അയല, മറ്റു ചെറുമീനുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
വന്‍കിട കച്ചവടക്കാരില്‍ നിന്നു ഈ രീതിയിലുള്ള മത്സ്യങ്ങള്‍ ചെറുകിട കച്ചവടക്കാര്‍ ബോക്‌സുകളായി എടുക്കുന്നതോടെ ഇവര്‍ക്കും ഇത്തരം തട്ടിപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നില്ല. അതേ സമയം, ഉപഭോക്താക്കള്‍ പുതിയ മത്സ്യമെന്നു കരുതി ഇവ വാങ്ങി ഉപയോഗിക്കുമ്പോഴാണു തങ്ങള്‍ വഞ്ചിതരാവുന്ന വിവരം അറിയുന്നത്. ജില്ലയില്‍ പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ ഈ രീതിയില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന അവസ്ഥയാണുള്ളത്. പുതിയ മത്സ്യമെന്ന നിലയില്‍ വന്‍ തുക ഈടാക്കിയാണു പലപ്പോഴും മത്സ്യ വില്‍പന.
എന്നാല്‍ ഇത്തരം വില്‍പനകള്‍ പരിശോധിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. വന്‍കിട കച്ചവടക്കാരില്‍ നിന്ന് ഇതു വാങ്ങി വരുന്നവര്‍ക്കും ഒന്നും ചെയ്യാനാവുന്നില്ല.
അതേ സമയം നാടന്‍ പച്ചക്കറിയെന്ന പേരില്‍ ജില്ലയിലെ പല സ്ഥലങ്ങളിലും വില്‍പന നടത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടു വരുന്ന പച്ചക്കറികളാണെന്നാണ് ഉയരുന്ന ആക്ഷേപം.
നഗരങ്ങളിലെ പച്ചക്കറി കടകളില്‍ നിന്നു അതിരാവിലെ പച്ചക്കറികള്‍ വില്‍പനക്കാര്‍ വാങ്ങുകയും ഇതു പിന്നീട് അല്‍പാല്‍പമായി റബര്‍ ബാന്‍ഡിട്ടോ നേരിയ നൂലില്‍ കെട്ടിയോ നാടന്‍ പച്ചക്കറിയെന്ന പേരില്‍ വില്‍പന നടത്തുകയാണു രീതി. ഒരു കിലോ പയറിനു നാല്‍പതു രൂപ പച്ചക്കറിക്കടയില്‍ ഈടാക്കുന്നെങ്കില്‍ പാതയോരത്തും മറ്റും നാടന്‍ പച്ചക്കറിയെന്ന പേരില്‍ വില്‍പന നടത്തുന്ന പയറിനു നാല്‍പ്പത്തിയഞ്ചും അന്‍പതും രൂപ ഈടാക്കും. ഒരു കിലോ പയര്‍ നാല്‍പതു രൂപയ്ക്കു കടയില്‍ നിന്നു ലഭിക്കുമ്പോള്‍ 45 രൂപ കൊടുത്തു വാങ്ങുന്ന ഇതേ പയര്‍ 700-800 ഗ്രാം മാത്രമേ തൂക്കം കാണുകയുള്ളൂ. ഇത്തരം വില്‍പന കേന്ദ്രങ്ങളില്‍ തൂക്കം ഉപയോഗിക്കാറില്ലെന്നതാണു വസ്തുത.
നാടന്‍ പച്ചക്കറിയെന്നു പറയാന്‍ ഇവരുടെ കൈയില്‍ ആകെയുണ്ടാവുക ചിലപ്പോള്‍ അല്‍പം കാന്താരി മുളകും ഒന്നു രണ്ടു വെള്ളരിയും മാത്രമാണ്. ബാക്കിയുള്ള എല്ലാ പച്ചക്കറികളും അതിരാവിലെ തന്നെ കടകളില്‍ നിന്ന് ഇവര്‍ മൊത്തവിലയ്ക്കു വാങ്ങി കടകളിലേക്കാളും കൂടുതല്‍ വില ഈടാക്കി വില്‍ക്കുകയാണ്. ഈ തന്ത്രത്തില്‍ ഭൂരിഭാഗം ഉപഭോക്താക്കളും വീണു പോവുകയും ചെയ്യുന്നു. അതേ സമയം, നഗരങ്ങളിലും പ്രധാന കവലകളിലും ഇത്തരം രീതിയില്‍ കച്ചവടം നടത്താന്‍ പച്ചക്കറിക്കട ഉടമകള്‍ തന്നെ നേരിട്ടു സ്ത്രീകളെയും മറ്റും ഏര്‍പ്പെടുത്തുന്നതായും ആളുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."