കരിപ്പൂര്‍ ഹജ്ജ് ഹൗസ്: 22 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂരിലുള്ള സംസ്ഥാന ഹജ്ജ് ഹൗസിന് സമീപം 22 കോടി മുടക്കി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുങ്ങുന്നു. അടുത്ത വര്‍ഷത്തെ തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ആദ്യനില പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. അടുത്ത വര്‍ഷം കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം 15,000 ലേറെ തീര്‍ഥാടകര്‍ക്ക് കേരളത്തില്‍ നിന്ന് അവസരം ലഭിക്കുമെന്ന് ഉറപ്പായ സ്ഥിതിക്കാണ് ഹജ്ജ് ഹൗസില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നത്.
പുതിയ കെട്ടിട നിര്‍മാണത്തിന്നായി ആറ് കോടിരൂപ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കൈവശമുണ്ട്. ഇതില്‍ മൂന്ന് കോടി പ്രയോജനപ്പെടുത്തിയാണ് ആദ്യ നില പണിയുക. നിലവിലെ ഹജ്ജ് ഹൗസിന് മുന്‍ഭാഗത്തെ ചെങ്കുത്തായ സ്ഥലം പ്രയോജനപ്പെടുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ ചെലവിലേക്ക് കേന്ദ്രത്തില്‍ നിന്ന് മൂന്ന് കോടി പ്രതീക്ഷിക്കുന്നുണ്ട്.
ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാറിനോടും ആവശ്യപ്പെടും. നേരത്തെ വനിതകള്‍ക്കായി പ്രത്യേക കെട്ടിടം പണിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് ഒഴിവാക്കിയാണ് പുതിയ കെട്ടിടം നിലവിലുളള സ്ഥലത്ത് തന്നെ നിര്‍മിക്കുന്നത്.
കരിപ്പൂരില്‍ നിന്ന് അടുത്ത വര്‍ഷം 15,000 ലേറെ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നേരിട്ട് അവസരം ലഭിക്കുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായവര്‍ തന്നെ 14,000 ലേറെ പേരുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിലവിലുളള ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."