എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭാഷാധ്യാപക തസ്തികയില്ല
കാസര്‍കോട്: ജില്ലയിലെ അഞ്ച് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കന്നഡ ഭാഷാധ്യാപക തസ്തികയില്ല. 2014-15 അധ്യായന വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിച്ച എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ചുകൊണ്ടു കഴിഞ്ഞ മാസം 21നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രസ്തുത ഉത്തരവില്‍ ജില്ലയിലെ അഞ്ചു സ്‌കൂളുകളിലെ ഭാഷാധ്യാപക തസ്തികയെക്കുറിച്ച് ഒരു സൂചന പോലുമില്ല. എസ്.വി.വി.എച്ച്.എസ്.എസ്. കൊഡ്‌ലമൊഗര്‍, എം.എസ് കോളജ്.എച്ച്.എസ്.എസ് നീര്‍ച്ചാല്‍, ശ്രീദുര്‍ഗ പരമേശ്വരി എ.എച്ച്.എസ്.എസ്ധര്‍മ്മത്തടുക്ക, വി.കെ.പി.എച്ച്.എം.എം.ആര്‍.വി.എച്ച്.എസ്.എസ്.പടന്ന, ശ്രീശാരദാംബ എച്ച്.എസ്.എസ് ഷേണി എന്നി സ്‌കൂളുകളിലാണു ഭാഷാധ്യാപക സ്ഥിരം തസ്തിക അനുവദിക്കാതെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിലവിലില്ലാത്തതിനാല്‍ പഞ്ചായത്തിലെ കൊഡ്‌ലമുഗര്‍ എസ്.വി.വി.എച്ച്.എണ്ടസണ്ടണ്ടണ്ടണ്ട്.എസിന് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി പദവി അനുവദിക്കുകയായിരുന്നു.
സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിച്ച ശേഷം മാത്രമേ എയ്ഡഡ് സ്‌കൂളുകളില്‍ അതാതു സ്‌കൂള്‍ മാനേജര്‍മാര്‍ സ്ഥിരാധ്യാപകരെ നിയമിക്കാന്‍ പാടുള്ളുവെന്നാണു ചട്ടം. എന്നാല്‍ സര്‍ക്കാര്‍ ഭാഷാധ്യാപക തസ്തിക സൃഷ്ടിക്കാത്തതു നിലവില്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഭാഷാ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ഇതില്‍ പല അധ്യാപകര്‍ക്കും ഗസ്റ്റ് ലക്ചററുടെ വേതനം പോലും കൃത്യമായി ലഭിക്കുന്നില്ല. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത വീഴ്ചയാണു ഭാഷാധ്യാപകര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതിരിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു. ജില്ലയിലെ പടന്ന ഒഴികെ മറ്റു നാലു സ്‌കൂളുകളിലും കന്നഡയാണ് ഉപഭാഷ. ഈ സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഭാഷാധ്യാപക തസ്തിക സൃഷ്ടിക്കാത്തതു കന്നഡ ഭാഷയോടുള്ള അവഗണന കൊണ്ടാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചപ്പോള്‍ ഒരു ബാച്ച് മാത്രമുള്ള സ്‌കൂളുകളില്‍ ഉപഭാഷയായി മലയാളം മാത്രമാണ് അനുവദിച്ചിരുന്നത്.
ജില്ലയിലെ ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകളില്‍ മലയാളത്തിനു പകരം കന്നഡ ഉപഭാഷയായി അനുവദിക്കണമെന്ന ആവശ്യം മുമ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ കന്നഡ ഉപഭാഷയായി അനുവദിച്ച് ഉത്തരവിട്ടിരുന്നു. അതേ സമയം ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ മുന്‍ ഉത്തരവും പാഴായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."