ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട യുവാവ് വെട്ടേറ്റു മരിച്ചു
നാദാപുരം: സി.കെ.ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട യുവാവിനെ അക്രമിസംഘം കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. വെള്ളൂരിലെ കാളിയപ്പറമ്പത്ത് അസ്‌ലമാണ്(21) വെട്ടേറ്റു മരിച്ചത്.
വൈകിട്ട് അഞ്ചരയോടെ ചാലപ്പുറം ചക്കരക്കണ്ടിപീടികയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇന്നോവ കാറിലെത്തിയ അക്രമികള്‍ അസ്‌ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ചു തുരുതുരെ വെട്ടുകയായിരുന്നു. വെട്ടേറ്റ് അസ്‌ലമിന്റെ ഇടതു കൈപ്പത്തി അറ്റുതൂങ്ങി. അരയ്ക്കുതാഴെയും നിരവധി വെട്ടുകളേറ്റു. സാരമായി പരുക്കേറ്റ അസ്‌ലമിനെ നാട്ടുകാര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രി 9.30ഓടെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തു നിന്നു പ്രതികളുടേതെന്നു സംശയിക്കുന്ന ചെരിപ്പും മൊബൈല്‍ ഫോണും പൊലിസിന് ലഭിച്ചിട്ടുണ്ട്. റൂറല്‍ എസ് പി വിജയകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
ഷിബിന്‍ വധക്കേസില്‍ വിചാരണ നേരിട്ട അസ്‌ലം ഉള്‍പ്പെടെയുള്ള പതിനേഴ് പ്രതികളെയും മാറാട് പ്രത്യേക കോടതി തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടിരുന്നു. കോടതി വെറുതെവിട്ടാലും കേസിലെ പ്രതികളിലാരെയും വെറുതെവിടില്ലെന്ന് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്. ഐയുടെയും പ്രമുഖ നേതാക്കള്‍ പൊതുയോഗങ്ങളില്‍ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ആഴ്ച തൂണേരിയില്‍ നടന്ന പൊതുയോഗത്തിലും വെറുതെ വിട്ട ഷിബിന്‍വധക്കേസ് പ്രതികള്‍ക്കെതിരേ സി.പി.എം നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പൊലിസിനെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."