ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയതിനെതിരേ ബി.സി.സി.ഐ ഹൈക്കോടതിയില്‍
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ബി.സി.സി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സ്വാഭാവിക നീതി ഉറപ്പാക്കിയും തെളിവുകള്‍ അടിസ്ഥാനമാക്കിയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇത് റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നു സി.ഇ.ഒ രാഹുല്‍ ജോഹ്രി നല്കിയ അപ്പീലില്‍ പറയുന്നു. അച്ചടക്ക നടപടിയെടുക്കും മുന്‍പ് ശ്രീശാന്തിന് പറയാനുള്ളത് സമിതി കേട്ടിരുന്നു. ശ്രീശാന്തിനെതിരേ ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കിയെന്ന കാരണത്താല്‍ അച്ചടക്ക നടപടി റദ്ദാക്കാനാകില്ല. ക്രിമിനല്‍ കേസുകളിലെപ്പോലെ കര്‍ശനമായ തെളിവുകള്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആവശ്യമില്ല. മാത്രമല്ല, ക്രിമിനല്‍ കേസില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയതിനെതിരേ അപ്പീല്‍ നിലവിലുണ്ടെന്നും ഹരജിയില്‍ പറയുന്നു. ശ്രീശാന്ത് നല്കിയ ഹരജിയില്‍ ഓഗസ്റ്റ് ഏഴിനാണ് സിംഗില്‍ ബെഞ്ച് ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. ഹരജി അടുത്ത ദിവസം ഡിവിഷന് ബെഞ്ച് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."