ക്വാറി ഉടമക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ജനകീയ വേദി
തലശ്ശേരി: കഴിഞ്ഞ ദിവസം കുന്നോത്തപറമ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ അനധികൃത ക്വാറിയില്‍നിന്ന് കരിങ്കല്‍ തെറിച്ച് കര്‍ണാടക സ്വദേശി കൃസ്തുരാജ് (20) മരണപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ക്വാറി ഉടമക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി ജില്ലാ പൊലിസ് ചീഫ്, ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാന്‍, തലശ്ശേരി ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി.
കല്ലുവളപ്പില്‍ മാവുള്ളപറമ്പത്ത് ചാത്തു എന്നയാളുടെ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് ദുരന്തമുണ്ടായതെന്നും എന്നാല്‍ ക്വാറി പ്രവര്‍ത്തിക്കുന്ന സമയത്ത് നടന്ന അപകടത്തെ അധികൃതര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കൊളവല്ലൂര്‍ പൊലിസും ചേര്‍ന്നാണ് അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ആറ് മാസം മുന്‍പ് അനധികൃത ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലിസ് തയാറായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനധികൃത ക്വാറി നടത്തുന്നവര്‍ക്കും അതിനെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ അനേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."