പട്ടാമ്പി പുലാമന്തോള്‍ റോഡ് തകര്‍ച്ച ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി
പട്ടാമ്പി: തകര്‍ന്നടിഞ്ഞ പട്ടാമ്പി-പുലാമന്തോള്‍ റോഡിലൂടെയുള്ള യാത്ര ദുസഹമായതോടെ ബസുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ഇന്നലെ രാവിലെബസുകള്‍ കൊപ്പം-പട്ടാമ്പി റൂട്ടില്‍ ഓട്ടം നിര്‍ത്തിവെച്ചു. പെരിന്തല്‍മണ്ണയില്‍നിന്നും വളാഞ്ചേരിയില്‍നിന്നും കൊപ്പം വരെയാണ് സര്‍വീസ് നടത്തിയത്. ഇതിനിടെ പൊലിസെത്തി ബസുടമകളെ ഭീഷണിപ്പെടുത്തി. കൊപ്പം വരെ മാത്രം ഓടിയാല്‍ പോരെന്നും അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തീരെ ഓടേണ്ടെന്നുമായി. കൊപ്പം-പട്ടാമ്പി റൂട്ടില്‍ ബസോടാന്‍ കഴിയില്ലെന്നായി ഉടമകള്‍. തങ്ങള്‍ മുഴുവന്‍ സര്‍വീസും നിര്‍ത്തിവെക്കുമെന്നായപ്പോള്‍ അനുരഞ്ജനശ്രമങ്ങളായി. 13ന് അനിശ്ചിത കാലസമരം പ്രഖ്യാപിച്ചതായിരുന്നു ബസുടമകള്‍. ഇതിനിടെ റോഡ് അറ്റകുറ്റ പണി നടത്താമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍നിന്നും പിന്തിരിഞ്ഞ ബസുടമകളാണ് തങ്ങളെ കബളിപ്പിച്ചതിനെതിരെ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയത്. പൊലിസ്, ആര്‍.ടി.ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വീണ്ടും അനുരഞ്ജനശ്രമങ്ങള്‍ നടത്തി. ബസ്സുകാരുമായി ചര്‍ച്ച നടത്തി. റോഡ് സൈഡിലിട്ടിട്ടുള്ള ക്വാറി വേസ്റ്റ് ബസുടമകള്‍ക്ക് റോഡില്‍ നിരത്താനുള്ള അനുമതി നല്‍കുകയും 30നകം റോഡിലെ ഗര്‍ത്തങ്ങള്‍ നികത്താമെന്നും ഉറപ്പ് നല്‍കി ബസുകാരെ അനുനയിപ്പിച്ചിരിക്കുകയാണ്. താല്കാലികമായി ബസ് പണിമുടക്ക് പിന്‍വലിച്ചുവെങ്കിലും ഇന്നലെ ഭാഗികമായാണ് ബസുകള്‍ സര്‍വിസ് നടത്തിയത്. എന്നാല്‍ എം.എല്‍.എ ഒരു ചര്‍ച്ചക്കും വന്നില്ല. കൊപ്പത്ത് ചേര്‍ന്ന സി.പി.എം പൊതുയോഗത്തില്‍ ബസുടമകളുടെ സമരത്തിന് പിന്നില്‍ കേന്ദ്രത്തില്‍ സ്വാധീനമുള്ള രണ്ടു രാഷ്ട്രീയപാര്‍ട്ടികളാണെന്ന് ആരോപണവും ഉന്നയിച്ചു. റോഡ് പണിയുടെ കാര്യത്തില്‍ എം.എല്‍.എ തരുന്ന വാക്കുകള്‍ വിശ്വസിക്കാനാകില്ലെന്നാണ് ബസുടമകളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."