പ്രവര്‍ത്തനാനുമതി റദ്ദാക്കി
മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവിലെ വിവാദമായ ക്രഷറിന്റെ പ്രവര്‍ത്തനാനുമതി കൂടരഞ്ഞി പഞ്ചായത്ത് റദ്ദാക്കി.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ ക്രഷറിനു പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്തിന്റെ നടപടി നേരത്തെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന പ്രത്യേക പഞ്ചായത്ത് ഭരണസമിതി യോഗമാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി ദുര്‍ബലപ്രദേശമായ കൂടരഞ്ഞി മഞ്ഞക്കടവ് മലയില്‍ ചട്ടം ലംഘിച്ച് ക്രഷറിനു അനുമതി നല്‍കിയ കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടിയില്‍ അഴിമതി നടന്നതായും ആരോപണമുണ്ടായിരുന്നു. നേരത്തെ കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കില്‍ ചട്ടം ലംഘിച്ച് കെട്ടിടാനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയും വലിയ വിവാദമായിരുന്നു.
നേരത്തെ രണ്ടുതവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് സമുദ്രനിരപ്പില്‍ നിന്നു 2000 അടി ഉയരത്തിലുള്ള മഞ്ഞക്കടവ് മലമ്പ്രദേശം. ഇവിടെ വീണ്ടും വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് പഞ്ചായത്ത് ക്രഷര്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. ഇത് വിവാദമായതോടെ വിഷയം ജില്ലാഭരണകൂടവും പരിശോധിച്ചു.
പരിസ്ഥിതി ദുര്‍ബല പ്രദേശത്തു ക്രഷറിന് അനുമി നല്‍കിയ നടപടി ശരിയല്ലെന്ന് വനം വകുപ്പും റിപ്പോര്‍ട്ടും നല്‍കി. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ക്രഷറിനുള്ള അനുമതി തല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും തുടര്‍ നടപടിക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാര്‍ശയും ചെയ്തിരുന്നു.
ഇതിനിടെയാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ക്രഷറിനും ക്വാറിക്കുമുള്ള ലൈസന്‍സ് റദ്ദാക്കിയത്. ഇടതു മെംബര്‍മാര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഇന്നലെ പ്രത്യേക ഭരണസമിതി യോഗം ചേര്‍ന്നത്.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ വി.എ നസീര്‍, കേരള കോണ്‍ഗ്രസ് അംഗങ്ങളായ ഗ്രേസി, ജോണി വാണി പ്ലാക്കല്‍ എന്നിവര്‍ ക്രഷറിന് അനുകൂലമായി വാദിച്ചങ്കിലും മറ്റു ഭരണപക്ഷ അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നിന്നതോടെ അനുമതി റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."