ഇതുവരെ മടങ്ങിയത് 3000 ഹാജിമാര്‍
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി കേരളത്തില്‍ നിന്ന് യാത്രയായിരുന്ന 3000 ഹാജിമാര്‍ ഇതുവരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തി. നാല് ദിവസങ്ങളില്‍ 13 വിമാനങ്ങളിലായാണ് ഇത്രയും പേര്‍ എത്തിയത്.
ഇന്നലെ രാവിലെ 9.23 ഉം, 9.39 ഉം, ഉച്ചയ്ക്ക് 2.15 നുമായി 900 പേരാണ് എത്തിയത്. ഓരോ വിമാനത്തിലും 300 ഹാജിമാര്‍ വീതമാണ് ഉണ്ടായിരുന്നത്. രാവിലെ രണ്ട് വിമാനങ്ങള്‍ അടുത്തടുത്ത സമയങ്ങളില്‍ എത്തിയതോടെ 600 ഹാജിമാരും ഇവരെ സ്വീകരിക്കാന്‍ എത്തിയവരുമായി നല്ല തിരക്കാണ് അന്താരാഷ്ട്ര ടെര്‍മിനലിന് പുറത്ത് അനുഭവപ്പെട്ടത്.11 മണിക്ക് മുന്‍പായി എല്ലാ ഹാജിമാരും ടെര്‍മിനലിന് പുറത്തെത്തി. 11,470 പേരാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും യാത്രയായിരുന്നത്. അടുത്ത മാസം നാലിനാണ് ഹാജിമാരുമായി അവസാന വിമാനം നെടുമ്പാശ്ശേരിയിലെത്തുന്നത്. തിരിച്ചു വരുന്ന ഹാജിമാരെ സ്വീകരിക്കാനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താനും സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഇന്നലെ വിമാനത്താവളത്തിലെത്തി. ഹാജിമാര്‍ക്കായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) നല്‍കുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കാനാണ് ഹജ്ജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി.സെക്രട്ടറി ടി.കെ.അബ്ദുല്‍ റഹ്മാന്‍, റിട്ട.എസ്.പി യു.അബ്ദുല്‍ കരീം, ഷെരീഫ് മണിയാട്ടുകുടി, അനസ് ഹാജി ആലപ്പുഴ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."