സ്ത്രീകളുടെ ദുരിതമറിയണമെങ്കില്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങണം: ഗൗരിയമ്മ
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്‍ ഗൗരിയമ്മ.
നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗൗരിയമ്മയുടെ വിമര്‍ശനം.
പണ്ടെത്തെ പോലല്ല ഇന്ന്. പെണ്ണിന് വഴിയില്‍ കൂടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പണ്ട് രാത്രി പത്തിനും മറ്റും വിജനമായ റോഡിലൂടെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് തനിച്ച് നടന്നുപോയിട്ടുണ്ട്. ആരും ഒന്നും ചെയ്തിട്ടില്ല. ഇന്ന് അതാണോ സ്ഥിതി- ഗൗരിയമ്മ ചോദിച്ചു.
പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന മുന്‍ നിയമസഭാ സാമാജികരുടെ സുഹൃദ് സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേരള സമൂഹത്തെ മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചതിലൂടെ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഒന്നാം കേരള മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയില്‍ പിന്നീടുവന്ന എല്ലാ മാറ്റങ്ങള്‍ക്കും ആധാരശിലയായതാണ് ഭൂപരിഷ്‌കരണ നിയമം. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയ ഗൗരിയമ്മ ഏറ്റവും മികച്ച ജനപ്രതിനിധിയായി ഉയര്‍ത്തപ്പെട്ട ജനനേതാവാണ്. നിയമസഭയുടെ ചരിത്രമെന്നത് സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ചരിത്രമാണ്. അതുകൊണ്ടാണ് ഐക്യകേരളത്തില്‍ ആദ്യം രൂപംകൊണ്ട നിയമസഭ ആഗോള ശ്രദ്ധ നേടിയത്. ലോകമെങ്ങുമുള്ള ഉത്പതിഷ്ണുക്കള്‍ പ്രതീക്ഷകളോടെയാണ് ആ സര്‍ക്കാരിനെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ സമ്പൂര്‍ണമായും ഡിജിറ്റലാക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
സുഹൃദ് സംഗമത്തിന് എത്താന്‍ കഴിയാത്തതിനാല്‍ ഇ. ചന്ദ്രശേഖരന്‍ നായരുടെ റെക്കോഡ് ചെയ്ത വീഡിയോ സന്ദേശം സഭയില്‍ പ്രദര്‍ശിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, നിയമസഭാ സെക്രട്ടറി കെ. ബാബു പ്രകാശ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."