20 വര്‍ഷം കൊണ്ട് 30 പേരെ കൊന്നുതിന്ന നരഭോജി ദമ്പതികള്‍ അറസ്റ്റില്‍
മോസ്‌കോ: നരഭോജികളെന്ന് സംശയിക്കുന്ന ദമ്പതികളെ റഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തു. 1999ല്‍ മുതല്‍ മുപ്പതോളം പേരെ ഇവര്‍ കൊന്നുതിന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്. നഴ്‌സായ നതാലിയ ബക്ഷീവ, അവരുടെ ഭര്‍ത്താവ് ദിമിത്രി ബക്ഷീവ് എന്നിവരാണ് കൊടുക്രൂരകൃത്യത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായി പൊലിസ് വ്യക്തമാക്കി.
റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഭാഗമായ സൈനിക കേന്ദ്രത്തിന്റെ പാര്‍പ്പിട സമുച്ചയത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇത്രയും കാലം സംശയത്തിനിട നല്‍കാതെ ഇവര്‍ക്കെങ്ങനെ താമസിക്കാന്‍ സാധിച്ചുവെന്നത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. നതാലിയ നിരവധിയിടങ്ങളില്‍ ജോലിക്ക് ശ്രമിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
ഇവര്‍ മനുഷ്യമാംസം സൈന്യത്തിലെ ട്രെയിനികള്‍ക്കും പൈലറ്റുമാര്‍ക്കും മറ്റു മാംസത്തിനൊപ്പം കലര്‍ത്തി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സൈനിക സ്‌കൂളിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
ഇവരുടെ വീട്ടില്‍ നിന്ന് മനുഷ്യമാംസം ഉപയോഗിച്ചുണ്ടാക്കിയ അച്ചാറും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലൂടെ സംഭവം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളിലെ റസ്റ്റോറന്റുകളിലും ഇവര്‍ മനുഷ്യമാംസം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ജീവനോടെ തോലുരിഞ്ഞ ശേഷം ഇവരെ കൊലപ്പെടുത്തുകയാണ് തങ്ങളുടെ രീതിയെന്ന് നതാലിയ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ശേഷം ഫ്രീസറുകളില്‍ ശരീര ഭാഗങ്ങള്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. റഷ്യന്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പരമ്പര കൊലയാളികളായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഓരോ മണിക്കൂറിലും കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രദേശത്തുനിന്ന് കാണാതായവര്‍ ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."