'പപ്പ നടന്നോളൂ, ഞാന്‍ വന്നോളാം'; മുംബൈ ദുരന്തത്തില്‍ മരിച്ച 25 കാരിയുടെ അവസാനവാക്കുകളോര്ത്ത് മനംനൊന്ത് പിതാവ്
മുംബൈ: 'പപ്പ നടന്നോളൂ, ഞാന്‍ വന്നോളാം' മുംബൈ ദുരന്തത്തില്‍ മരിച്ച 25 കാരി ശ്രദ്ധ തന്നോട് പറഞ്ഞ അവസാനവാക്കുകളോര്ത്ത് മനംപൊട്ടി കരയുകയാണ് അവളുടെ പിതാവ് കിഷോര്‍. കേവലം പത്തുമിനിറ്റുകൊണ്ടാണ് കിഷോറിന് തന്റെ മകളെ നഷ്ടപ്പെട്ടത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരാളാണ് ശ്രദ്ധ.
ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ ജീവനക്കാരാണ് ശ്രദ്ധയും പിതാവ് കിഷോറും. വെള്ളിയാഴ്ച്ച രാവിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു രണ്ടു പേരും. റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം നിറഞ്ഞിരിക്കുകയായിരുന്നു. ഇവിടെ ഇത് സാധാരണമാണ്. അതിനാല്‍ ഇരുവരും മേല്‍പ്പാലത്തിലേക്ക് കയറി.എന്നാല്‍ മഴ പെയ്യാന്‍ തുടങ്ങിയതും ആളുകള്‍ മേല്‍പ്പാലത്തിലേക്ക് ഓടിക്കയറാന്‍ ആരംഭിച്ചതോടെ തിരക്കും കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ആളുകളെ തള്ളിമാറ്റ് കിഷോര്‍ മുന്നില്‍ നടന്നെങ്കിലും ശ്രദ്ധ ആള്ക്കൂട്ടത്തില്പെട്ടുപോയി.
ആ സമയത്ത് ശ്രദ്ധ പിതാവിനോട് നടന്നുകൊള്ളാനും താന്‍ വന്നുകൊള്ളാമെന്നും വിളിച്ചു പറയുകയായിരുന്നു. പത്തു മിനിറ്റോളമെടുത്ത് കിഷോര്‍ പുറത്തെത്തിയെങ്കിലും തന്റെ മകളെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. പിന്നീട് മൊബൈലില്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. - മകളെ നഷ്ടപ്പെട്ട വേദനയില്‍ അദ്ദേഹം വിതുമ്പി.
ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ 22 പേരാണ് മരിച്ചത്. 30ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇടുങ്ങിയ മേല്‍പ്പാലത്തിലേക്ക് മഴ കാരണം ആളുകള്‍ ഓടിക്കയറിയുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."