റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മരിച്ച സംഭവം: അഡ്വ. ഉദയഭാനുവിനെതിരേ അന്വേഷണം
ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭനുവിനെതിരേ പൊലിസ് അന്വേഷണം നടത്തുന്നു.
ഇദ്ദേഹത്തിനെതിരേ മൊഴി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉദയഭനുവിനെതിരേ കൊല്ലപ്പെട്ട രാജീവ് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഉദയഭാനുവില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നായിരുന്നു പരാതി.
ഇദ്ദേഹത്തിനു കൊലയില്‍ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലിസ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി സ്വദേശി രാജീവാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു.
കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും വസ്തു ഇടപാടിനായി അഡ്വാന്‍സ് നല്കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമെന്നും പൊലിസ് പറഞ്ഞു. കൃത്യം നടത്തിയ മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസിന്റെ അന്വേഷണത്തിനിടയിലാണ് പരിയാരത്തെ വാടക കെട്ടിടത്തിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."