ഹജ്ജ് 2017: ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനം വിജയകരം: കോണ്‍സുല്‍ ജനറല്‍
* അടുത്ത വര്‍ഷം മുഴുവന്‍ ഹാജിമാര്‍ക്കും മെട്രോ സര്‍വ്വീസ് ലക്ഷ്യം,
* മര്‍കസിയയില്‍ താമസം ലഭ്യമല്ലാത്തവര്‍ക്ക് 350 തിരിച്ചു നല്‍കാന്‍ നടപടിയെടുത്തു
* 209 ഇന്ത്യന്‍ ഹാജിമാര്‍ പുണ്യ ഭൂമിയില്‍ മരിച്ചു.
റിയാദ്: പുണ്യ ഭൂമിയിലെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനം പൂര്‍ണ്ണ വിജയമായിരുന്നുവെന്നു കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഊദി സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണത്തോടെ എല്ലാ മേഖലയിലും ഹാജിമാര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാജിമാര്‍ പുണ്യ ഭൂമിയില്‍ എത്തിയതു മുതല്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഒരു പരാതിയും കൂടാതെ നിര്‍വ്വഹിക്കാന്‍ ഹജ്ജ് മിഷന്നു സാധ്യമായിട്ടുണ്ട്. മുഴുവന്‍ സ്ഥലങ്ങളിലെയും ഭകഷണ താമസ സൗകര്യങ്ങള്‍, മക്കമദീന ബാസ്സ് സര്‍വ്വീസുകള്‍ തുടങ്ങിയവ മികച്ചതായിരുന്നു. മുഴുവന്‍ ഹാജിമാര്‍ക്കും മര്‍കസിയയില്‍ താമസമൊരുക്കുന്നതിന്നായിരുന്നു കരാര്‍. എന്നാല്‍ ഹാജിമാരുടെ ആധിക്യം കാരണം അതിനു സാധ്യമായില്ല. ഈ സാഹചര്യത്തില്‍ മര്‍കസിയയില്‍ താമസം ലഭ്യമാകാതിരുന്ന ഹാജിമാര്‍ക്ക് 350 റിയാല്‍ വീതം തിരിച്ചു നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ ഷം മുതല്‍ മുഴുവന്‍ ഹാജിമാര്‍ക്കും മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തവണ അറഫയില്‍ ചില ഹാജിമാര്‍ക്ക് യഥാ സമയം എത്തിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഹാജിമാരുടെ കാര്യങ്ങള്‍ നോക്കുന്ന മക്തബിന്റെ വീഴ്ചയാണിത്. ഗതാഗത സൗകര്യം ഒരുക്കുന്നതിനിലെ പാകപ്പിഴവാണിത്. ഇവര്‍ക്കെത്തിയ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ചരിത്രത്തില്‍ ആദ്യമായുണ്ടായ ഈ സംഭവം ദൗര്‍ഭാഗ്യകരമായയെന്നു അദ്ദേഹം പറഞ്ഞു. ഇതാവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ സര്‍വീസാണ് പരിഹാരം.
ഈ വര്‍ഷം 209 ഹാജിമാര്‍ മരിച്ചു. ഇവരില്‍ 164 പേര് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 45 പേര് സ്വകാര്യ ഹജ്ജ് സര്‍വ്വീസുകള്‍ മുഖേനയും എത്തിയവരാണ്. നിലവില്‍ ഇന്ത്യന്‍ ഹാജിമാരില്‍ ആറു പേര്‍ മക്കയിലും 16 പേര്‍ മദീനയിലും ചികിത്സയിലുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘ മടക്കയാത്ര ഈ മാസം ഏഴിനാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ് നയം രൂപീകരിക്കുന്നതിന് മുംബൈയില്‍ യോഗംവിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ യോഗത്തില്‍ സമര്‍പ്പിക്കും. സഊദി അധികൃതര്‍ ഒരുക്കിയ പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിപുലമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
നേരത്തെ, ഹജ്ജ് സംവിധാനം വിജയകരമായി പൂര്‍ത്തിയാക്കുകയും പ്രത്യേകിച്ച് ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ അനുവദിക്കുകയും ചെയ്ത സഊദി ഹജ്ജ് ഉദ്യോഗസ്ഥരെ കോണ്‍സുലേറ്റ് പ്രത്യേകം അഭിനന്ദിച്ചു. ഇവര്‍ക്ക് വേണ്ടി പ്രത്യേക സല്‍ക്കാരം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."