അമിത്ഷാ പങ്കെടുക്കുന്ന യാത്ര ഇന്ന് പയ്യന്നൂരില്‍ ജനം വഴിമാറണമെന്ന് പൊലിസ്
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്ര കടന്നുപോകുന്ന വഴി യാത്ര നടക്കുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് പൊലിസ്. മറ്റ് വഴികള്‍ കണ്ടെത്തണമെന്നാണ് പൊലിസ് നിര്‍ദേശത്തിലുള്ളത്. ജില്ലാ പൊലിസ് മേധാവി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
ഇന്നു മുതല്‍ ആറുവരെയാണ് ജില്ലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനരക്ഷായാത്ര നടത്തുന്നത്. ഇന്ന് പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയും നാളെ കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയും അഞ്ചിന് മമ്പറം മുതല്‍ പിണറായി വരെയും ആറിന് പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെയുമാണ് ജില്ലയില്‍ യാത്ര നടക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടക്കുമ്പോള്‍ വാഹന ഗതാഗതത്തില്‍ പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും യാത്രയ്ക്ക് സുഗമമായി കടന്നുപോകാന്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും നിരോധനം കൊണ്ടുവരുന്നത് ആദ്യമാണ്. സംഘര്‍ഷത്തിന്റെയും ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകളുടെയും പേരുപറഞ്ഞ് ഇത്തരം പദയാത്രകള്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവമുണ്ടായപ്പോഴാണ് കേരളത്തില്‍ യാത്രയ്ക്കായി പൊലിസ് സുഗമപാതയൊരുക്കുന്നത്. മാത്രമല്ല, ഇന്ന് പദയാത്രയുടെ ഉദ്ഘാടനത്തിനായി തിരക്കേറിയ പയ്യന്നൂരിലെ പഴയ ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും വിട്ടുകൊടുത്തിരിക്കുകയാണ്. സമീപത്ത് ഇതിലും സൗകര്യമുള്ള സ്‌കൂള്‍, കോളജ് ഗ്രൗണ്ടുകള്‍ ഉള്ളപ്പോഴാണ് ഈ നടപടി.
ഇതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനം വന്‍ വിജയമാക്കി തീര്‍ക്കാന്‍ രാജാവിനെക്കാളും വലിയ രാജഭക്തിയുമായി പിണറായി ഭരണകൂടം മുന്നിട്ടിറങ്ങിയത് ലജ്ജാകരമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.
അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്ര ഇന്ന് രാവിലെ 11ന് പയ്യന്നൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിനാണ് പയ്യന്നൂരില്‍ നിന്ന് യാത്ര ആരംഭിക്കുക. പിലാത്തറയില്‍ സമാപിക്കും. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ അമിത് ഷായും കാല്‍നടയാത്രയായി യാത്രയില്‍ പങ്കെടുക്കും. സി.പി.എം ശക്തി കേന്ദ്രങ്ങളിലൂടെ മാത്രം കടന്നുപോകുന്ന തരത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. നാളെ കീച്ചേരിയില്‍ നിന്ന് ആരംഭിച്ച് കണ്ണൂരില്‍ സമാപിക്കുന്ന യാത്രയില്‍ അമിത് ഷായുടെ സാന്നിധ്യമുണ്ടാകില്ല. അഞ്ചിന് മമ്പറത്തുനിന്ന് തുടങ്ങി പിണറായിയില്‍ സമാപിക്കുന്ന യാത്രയില്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുക്കും.
കേരളത്തില്‍ സി.പി.എം കേന്ദ്രങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ ദേശീയ ശ്രദ്ധയില്‍കൊണ്ടുവരാനാണ് ദേശീയ അധ്യക്ഷന്‍ തന്നെ ഇത്തരമൊരു യാത്ര നടത്തുന്നത്. യാത്രയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലിസ്. യാത്ര കടന്നുപോകുന്ന വഴികളില്‍ അതീവ സുരക്ഷയാണ് പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."