പീഡനത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവം കുടുംബത്തെ നാട്ടുകാര്‍ ഓടിച്ചുവിട്ടത് വിവാദമായി
കുളത്തൂപ്പുഴ(കൊല്ലം): ഏരൂരില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ ദുര്‍നടപ്പ് ആരോപിച്ച് നാട്ടുകാര്‍ നാടുകടത്തിയതു വിവാദമായതോടെ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. കുട്ടിയുടെ മൃതദേഹം മാതാവിനെ കാണിക്കാനോ വീടിനു സമീപം സംസ്‌കരിക്കാനോ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നാണ് പരാതി.
തുടര്‍ന്ന് ദൂരെയുള്ള പിതാവിന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. കുട്ടിയുടെ മാതാവിനൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ ഓടിച്ചുവിട്ടു. പൊലിസ് എത്തിയാണ് ഇവരെ സ്ഥലത്തുനിന്ന് മാറ്റിയത്. എന്നാല്‍ വഴിമധ്യേ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായും തിരികെ നാട്ടിലെത്തിയാല്‍ കൊല്ലുമെന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പൊലിസ് നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ ആക്രമണം. രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബം നിലവില്‍ ഒളിവിലാണ്. മാതാവിന്റെ സഹോദരിയുടെ രണ്ടാം ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലേക്കു പോയ കുട്ടിയെ വഴിമധ്യേ രാജേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ അടുത്തദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് നിന്നു പ്രതിയെ പിടികൂടുകയും ചെയ്തു. കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് നാട്ടില്‍ ഉയര്‍ന്നിരുന്നത്.
പ്രതിയായ രാജേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം വീട്ടുകാരുടെ ചില പ്രതികരണങ്ങള്‍ നാട്ടുകാരെ പ്രകോപിപ്പിച്ചെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."