മാനന്തവാടിയില്‍ രണ്ടുകോടിയുടെ ഹെറോയിന്‍ വേട്ട; അഞ്ചുപേര്‍ പിടിയില്‍
മാനന്തവാടി: മാനന്തവാടിയിലെ എരുമത്തെരുവ് ലോഡ്ജ് കേന്ദ്രീകരിച്ച് ജില്ലാ പൊലിസ് നടത്തിയ പരിശോധനയില്‍ രണ്ടുകോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു ഇതര സംസ്ഥാനക്കാരനടക്കം അഞ്ചുപേര്‍ പിടിയലായി. അന്തര്‍ സംസ്ഥാന ലഹരി വില്‍പനയുടെ ഇടനിലക്കാരനും, സംസ്ഥാനത്തെ ലഹരി വില്‍പ്പനയുടെ കണ്ണികളായ നാലംഗ സംഘവും. ജില്ലാ പൊലീസ് മേധാവി ഡോ. അരുള്‍ ബി കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ സെപ്ഷ്യല്‍ സ്‌ക്വാഡും, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും, മാനന്തവാടി ഡിവൈ.എസ്.പി ദേവസ്യ, സി.ഐ പി.കെ മണി, എസ്.ഐ മഹേഷ്, അഡിഷനല്‍ എസ്.ഐ അബ്ദുല്ല എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പൊലിസിന്റെ തന്ത്രപരമായ ഇടപെടല്‍ പ്രതികളെ വലയിലാക്കിയത്. ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ്‌സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍(56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട് അശോകന്‍(45), കാസര്‍ഗോഡ് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍(47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ ഷൈജു(37) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 60 എം 8124 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹെറോയിന്‍ വാങ്ങാനെത്തുമെന്ന് സൂചനയുണ്ടായിരുന്ന റഫീക്ക്, ബിജുലാല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെയും മറ്റ് കണ്ണികളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് വ്യക്തമാക്കി. കൂടാതെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണത്തിനായി ഒരു സംഘത്തെ അയക്കമെന്നും പൊലിസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ സംഘത്തെ പിടികൂടിയിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. ലഹരി മരുന്ന് ആദ്യം ബ്രൗണ്‍ ഷുഗറാണെന്ന് സംശയമുയര്‍ന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഹെറോയിനാണെന്ന് വ്യക്തമാകുകയായിരുന്നു. പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്:
ഉത്തര്‍പ്രദേശുകാരനായ അജയ്‌സിങ് ബരാഗ്പൂരില്‍ നിന്നും സംഘടിപ്പിച്ചതാണ് ഹെറോയിന്‍. തുടര്‍ന്ന് മധുസൂദനന്‍, ഷൈജു, അശോകന്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമരുന്ന് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അശോകന്റെ സുഹൃത്തുക്കളായ റഫീക്ക്, ബിജുലാല്‍ എന്നിവര്‍ക്ക് ഹെറോയിന്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ സംഘം മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടിയോളം വിലമതിക്കുന്ന ഒരു കിലോഗ്രാം ഹെറോയിനാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഡീല്‍ നടക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തുകയും സംഘാംഗങ്ങളെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."