'ആക്രമണം നടത്തിയാല്‍ അടങ്ങിയിരിക്കില്ല'- ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്
ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഒരുങ്ങിയാല്‍ അടങ്ങിയിരിക്കില്ലെന്ന് പാകിസ്താന്.
ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന വ്യോമസേനാ മേധാവിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്താന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പറഞ്ഞിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ ഞങ്ങളുടെ ഭാഗത്തു നിന്ന് സംയമനം ആരും പ്രതീക്ഷിക്കേണ്ട. ഇതാണ് എനിക്കിപ്പോള്‍ ഉപയോഗിക്കാവുന്ന ഏറ്റവും നയതന്ത്രപരമായ ഭാഷ'- ആസിഫ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പ്രതികരണവും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സഹായകരമല്ലാത്ത കാര്യങ്ങളാണ് കശ്മീരില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ ആണവകേന്ദ്രങ്ങളടക്കമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ശേഷിയുണ്ടെന്നും ചൈനയില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യക്ക് 'പ്ലാന്‍ ബി' ഉണ്ടെന്നും വ്യോമസേനാ മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയെ നേരിടാന്‍ തങ്ങള്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന പാകിസ്താന് പ്രധാനമന്ത്രിയുടെ പ്രതികരണത്തിനു ശേഷമായിരുന്നു ധനോവയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."